ശ്രീനഗർ: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് വനം, പരിസ്ഥിതി, ജലം, ഗോത്രകാര്യ വകുപ്പ് മന്ത്രി ജാവേദ് റാണ. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയായ അദ്ദേഹം ജമ്മു പ്രവിശ്യയിലെ ന്യൂനപക്ഷങ്ങൾ ഭയത്തിലാണ് കഴിയുന്നതെന്നും ഭരണ സംവിധാനത്തിലുള്ള ചിലർ അവരെ ലക്ഷ്യമിടുകയാണെന്നും വിമർശിച്ചു.
ഫല്ലിയൻ മണ്ഡൽ പ്രദേശത്ത് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഗുജ്ജർ സമുദായത്തിൽപ്പെട്ട 21 വയസുകാരനായ മുഹമ്മദ് പർവേസിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ ന്യൂനപക്ഷ വിഭാഗത്തിന് നേരെ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി അവരെ മയക്കുമരുന്ന് കടത്തുകാരായി മുദ്രകുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പർവേസിന്റെ കൊലപാതകത്തെ അദ്ദേഹം ഒരു ഗൂഢാലോചന എന്ന് വിശേഷിപ്പിച്ചു.
‘ആദിവാസി വിഭാഗമായ ഗുജ്ജർ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയാണ് ചിലർ. തെരഞ്ഞെടുത്ത കൊലപാതകങ്ങൾ നടക്കുന്നു. ഇത് ജമ്മു, സാംബ, കത്വ, ഉധംപൂർ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നു. ഇനിയും ഇത് സഹിക്കാൻ സാധിക്കില്ല. ആദിവാസി യുവാവിനെ കൊന്നത് വെടിയുതിർത്ത രണ്ട് പേര് മാത്രമല്ല. മറിച്ച് അവർക്ക് അതിനായി ഉത്തരവ് നൽകിയ ഉദ്യോഗസ്ഥവൃന്ദത്തിൽ ഇരിക്കുന്ന നിരവധിപേർ കൂടിയാണ്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണം.
ഇരട്ട അധികാര സംവിധാനം ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് ഞാൻ എൽ.ജി സാഹിബിനോടും (ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ) പറഞ്ഞിട്ടുണ്ട്. തങ്ങളുടെ പരാജയങ്ങൾ മറച്ചുവെക്കാൻ, അവർ നിരായുധരും നിരപരാധികളുമായ ആളുകളെ വെടിയുണ്ടകൾക്ക് ഇരയാക്കുന്നു. ഈ ഇരട്ട അധികാര ഘടന കാരണം, ജമ്മു, സാംബ, കത്വ, ഉധംപൂർ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾ ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. ജമ്മുവിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ഉടൻ സ്ഥലം മാറ്റണമെന്നും ഞാൻ എൽ.ജിയോട് ആവശ്യപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.
ലെഫ്റ്റനന്റ് ഗവർണർ സിസ്റ്റത്തിൽ മാറ്റം വരുത്തണമെന്നും ക്രമസമാധാനവും കേഡർ തസ്തികകളും അദ്ദേഹത്തിന്റെ കൈകളിലാണെന്നും റാണ പറഞ്ഞു. ഭരണത്തിൽ സന്തുലിതാവസ്ഥ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ഷേർ-ഇ-കശ്മീർ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ കാലം മുതൽ ഈ സന്തുലിതാവസ്ഥ ഭരണത്തിൽ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. ഇന്ന് സിസ്റ്റത്തിൽ സന്തുലിതാവസ്ഥയില്ല എന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
സിസ്റ്റത്തിൽ സന്തുലിതാവസ്ഥ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റാണ പറഞ്ഞു. ജനങ്ങളുടെ ആവശ്യം മാനിച്ച് ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മയക്കുമരുന്ന് കടത്തുകാരും അവരെ പിന്തുടർന്നിരുന്ന പൊലീസ് സംഘവും തമ്മിലുള്ള വെടിവെപ്പിലാണ് ആദിവാസി യുവാവായ പർവേസ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ, തനിക്ക് മയക്കുമരുന്ന് കടത്തുകാരുമായി പർവേസിന് യാതൊരു ബന്ധവുമില്ലെന്നും മുമ്പ് ക്രിമിനൽ റെക്കോർഡുകളൊന്നും ഇല്ലെന്നും കുടുംബം വ്യക്തമാക്കുന്നുണ്ട്.
ജമ്മു ജില്ലാ ഭരണകൂടം സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതികളായ ഹെഡ് കോൺസ്റ്റബിൾ ബൽജീന്ദർ സിങ്, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ പവൻ സിങ് എന്നീ രണ്ട് പൊലീസുകാരെ അന്വേഷണം തീരുന്നത് വരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Content Highlight: Selected killings’ leading to fear among minorities in plains of Jammu province: J-K minister Javed Rana