ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭരണകക്ഷിയായ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി ഭോപ്പാല്‍ നഗരസഭയ്ക്ക് കീഴിലുള്ള കശാപ്പുശാലയുമായി ബന്ധപ്പെട്ട വിവാദം.
ഭോപ്പാല്‍ നഗരത്തിന് പുറത്തുവെച്ച് 26 ടണ്ണോളം ഇറച്ചി പിടികൂടിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ലാബ് പരിശോധനയില്‍ ഈ മാംസം പശുവിന്റേതാണെന്നും ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കശാപ്പുശാലയില്‍ നിന്നാണ് എത്തിയതെന്നും കണ്ടെത്തിയിരുന്നു.
35 കോടി രൂപ ചെലവഴിച്ച് ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ജിന്‍സിലെ ആധുനിക കശാപ്പുശാലയിലാണ് സംഭവം. ഭോപ്പാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ 4 ലക്ഷം രൂപ വാര്‍ഷിക വാടകയ്ക്കാണ് കശാപ്പുശാല സ്വകാര്യ ഏജന്‍സിക്ക് നല്‍കിയിരുന്നത്.
പശുക്കളെയോ പശുക്കിടാങ്ങളേയും ഇവിടെ അറുക്കാന്‍ പാടില്ല എന്നിരിക്കെ എങ്ങനെ പശു മാംസം എത്തിയെന്നത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വിവാദത്തെ തുടര്‍ന്ന് ജനുവരി 9 ന് ബി.എം.സി കശാപ്പുശാല സീല്‍ ചെയ്തു. 12 ജീവക്കാരെ സസ്പെന്റ് ചെയ്യുകയും കരാറുകാരനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
2025 ഒക്ടോബറില്‍ ആരംഭിച്ച കശാപ്പുശാല പൊളിച്ച് മാറ്റണമെന്ന ആവശ്യവുമായി ബജ്രംഗ്ദള്‍, കര്‍ണി സേന, തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കരും കോര്‍പ്പറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ബി.ജെ.പിയുടെ നിയന്ത്രണത്തിലായതിനാല്‍, ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകാന്‍ ബി.ജെ.പിയ്ക്കും സാധിക്കില്ല.
പുറമെ പശു സംരക്ഷണം പറയുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശു ഇറച്ചിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ ബി.ജെ.പിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ വീഴ്ചയില്‍ അമര്‍ഷം രേഖപ്പെടുത്തി ബി.ജെ.പി കൗണ്‍സിലറായ ദേവേന്ദ്ര ഭാര്‍ഗവ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ തയ്യാറായി. എന്നാല്‍ നിലവില്‍ നഗരസഭാ അധികൃതര്‍ അദ്ദേഹത്തിന്റെ രാജി തള്ളിക്കളഞ്ഞു.
ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെ വേട്ടയാടുന്ന രണ്ടാമത്തെ സംഭവമായി മാറിയിരിക്കുകയാണിത്.
Content Highlight: seizure of meat become a political flashpoint in Madhya Pradesh BJP