എഡിറ്റര്‍
എഡിറ്റര്‍
ഇതൊക്കെ ഗുജറാത്ത് പിടിക്കാനുള്ള കളിയല്ലേ!’ മോദിയുടെ ‘ഫോണ്‍ ചോര്‍ന്നതിനെ’ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
എഡിറ്റര്‍
Saturday 28th October 2017 11:58am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും വഡോദരയിലെ പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകനും സ്‌റ്റേഷനറി കടക്കാരനുമായുള്ള ടെലഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.

ഗോഹില്‍ എന്ന പ്രവര്‍ത്തകനെ വിളിച്ച് ദീപാവലി ആശംസ അറിയിക്കുകയും കുശാലാന്വേഷണങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന പത്ത് മിനിട്ടോളം ദൈര്‍ഘ്യമുള്ള മോദിയുടെ സംഭാഷണം ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.


Dont Miss രവീന്ദ്രന്‍മാഷേ, ഞാന്‍ പറഞ്ഞതൊന്നും താങ്കള്‍ നിഷേധിച്ചിട്ടില്ല; യഥാര്‍ത്ഥ വസ്തത പറഞ്ഞേ തീരൂ; വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോയെന്ന് അനില്‍ അക്കര എം.എല്‍.എ


എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സ്റ്റേഷനറി കടക്കാരനുമായി ടെലഫോണില്‍ നടത്തിയ സംഭാഷണം എങ്ങനെ ലീക്കായെന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.. യഥാര്‍ത്ഥത്തില്‍ മോദിയുടെ ഫോണ്‍ ടാപ്പ് ചെയ്യപ്പെട്ടതാണോ എന്നാണ് ഉയരുന്ന ചോദ്യം. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് തൊട്ടുമുന്‍പ് മോദിയുടെ സംഭാഷണം ചോര്‍ന്നതാണ് സംശയത്തിന്റെ ആക്കം കൂട്ടുന്നത്.

മോദിയുടെ ടെലഫോണ്‍ സംഭാഷണം കേള്‍ക്കുന്ന ഏതൊരാള്‍ക്കും മനസിലാകുന്നത് ഇത് യഥാര്‍ത്ഥത്തില്‍ ഒരു അഭിനയമാണെന്നാണ്. അല്ലെങ്കില്‍ ഇത് ഒരു പരസ്യമാണെന്നാണ്. എങ്ങനെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഫോണ്‍ സംഭാഷണം ലീക്കാവും? പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്രമണങ്ങളെ ചെറുക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയകളി മാത്രമാണ് ഇതെന്നും ട്വിറ്ററില്‍ ചിലര്‍ വിമര്‍ശിക്കുന്നു.

ബി.ജെ.പിയുടെ നല്ല പ്രവൃത്തികള്‍ പ്രചരിപ്പിക്കണമെന്നും പ്രതിപക്ഷത്തിന്റെ കള്ളക്കഥകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അതൊന്നും നിങ്ങളുടെ മനസിനെ സ്വാധീനിക്കാന്‍ അനുവദിക്കരുത് എന്നും ടെലഫോണ്‍ സംഭാഷണത്തില്‍ മോദി പറയുന്നത് കൃത്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഈ സംഭാഷണം പുറത്ത് വിട്ടതിന് പിന്നില്‍ പോലും ബി.ജെ.പിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലേയെന്നാണ് ട്വിറ്ററില്‍ ചിലര്‍ ചോദിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് ടെലഫോണ്‍ സംഭാഷണം മോദി അവസാനിപ്പിക്കുന്നത്.

മോദിയുടെ സംഭാഷണം മുഴുവന്‍ കേട്ടു. പക്ഷേ ഇപ്പോഴും ഒരു കാര്യം മനസിലാകുന്നില്ല. മോദി എന്തിന് ഒരു വ്യാപാരിയോട് അല്ലെങ്കില്‍ സ്‌റ്റേഷനറി കടക്കാരനോട് സംസാരിക്കണം? എന്നാണ് ട്വിറ്ററില്‍ ഒരാള്‍ ചോദിക്കുന്നത്.

ആഭ്യന്തരമന്ത്രി രാജിവെക്കണം. ഇത് സുരക്ഷാവീഴ്ച തന്നെയാണ്. മോദിയുടെ ഫോണ്‍ ചോര്‍ത്തിക്കഴിഞ്ഞിരിക്കുന്നു.- എന്നായിരുന്നു മറ്റൊരു കമന്റ്.

എങ്ങനെയാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ സംഭാഷണം ലീക്കാവുക? കാമ്പയിനിന് വേണ്ടി മോദി സ്വന്തം ടെലഫോണ്‍ സംഭാഷണം ചാനലുകള്‍ക്ക് കൊടുക്കുകയായിരുന്നോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

മോദിയെ അനുകരിച്ച വ്യക്തിയുടെ വീഡിയോ സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ക്ക് ധൈര്യമില്ല. എന്നാല്‍ മോദിയുടെ സ്വകാര്യസംഭാഷണം ചാനലിലൂടെ പുറത്താവിടാം. കമോണ്‍ ഇന്ത്യാ ടുഡേ..നിങ്ങള്‍ ആരെയാണ് വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നത്- എന്നായിരുന്നു മറ്റൊരു കമന്റ്.

മോദിയുടെ ടെലഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്ക് ചെയ്യുകയും ചെയ്തിരിക്കുന്നു. ഇത് സുരക്ഷാ വീഴ്ചയല്ലേ. ആരാണ് മോദിയുടെ സ്വകാര്യസംഭാഷണം ചോര്‍ത്താനായി കാത്തിരിക്കുന്നത്- എന്നായിരുന്നു ട്വിറ്ററില്‍ മറ്റൊരാളുടെ ചോദ്യം.

Advertisement