സിനിമക്കാര്‍ തരുന്ന കാശിന് വേണ്ടി പൊലീസുകാര്‍ എന്റെ പേര് ദുരുപയോഗം ചെയ്തു; സംസ്ഥാന പൊലീസ് മേധാവിയുടെ വാര്‍ത്ത സമ്മേളനത്തില്‍ പരാതിയുമായി മുന്‍ പൊലീസുകാരന്‍
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖര്‍ നടത്തിയ പത്രസമ്മേളത്തില്‍ പ്രശ്‌നമുണ്ടാക്കി മുന്‍ പൊലീസുദ്യോഗസ്ഥന്‍. തനിക്ക് മുപ്പത് കൊല്ലം പൊലീസ് സര്‍വീസില്‍ നിന്ന് പീഡനങ്ങള്‍ നേരിട്ടതായി ചൂണ്ടിക്കാട്ടിയാണ് മുന്‍ പൊലീസുദ്യോഗസ്ഥനായ ബഷീര്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രശ്‌നമുണ്ടാക്കിയത്. എന്നാല്‍ എന്ത് തരത്തിലുള്ള പീഡനമാണെന്ന് ബഷീര്‍ വെളിപ്പെടുത്തിയില്ല.
ഒടുവില്‍ ഇദ്ദേഹത്തെ പൊലീസുകാര്‍ ചേര്‍ന്ന് പുറത്താക്കുകയായിരുന്നു. ഇയാള്‍ ഒരു ഗള്‍ഫ് മാധ്യമത്തിന്റെ പ്രതിനിധിയാണെന്ന് കാണിക്കുന്ന ഐ.ഡി കാര്‍ഡ് കാണിച്ചാണ് വാര്‍ത്ത സമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചത്.
എന്നാല്‍ വാര്‍ത്ത സമ്മേളനം നടന്ന ഹാളിന് പുറത്തിറങ്ങിയ ഇദ്ദേഹം പൊലീസുകാര്‍ക്കെതിരെ മറ്റ് ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തന്റെ പേര് നായാട്ട് എന്ന സിനിമയില്‍ ഉപയോഗിച്ചെന്നാണ് ബഷീര്‍ ആരോപിച്ചിരിക്കുന്നത്. മുത്തങ്ങ സിനിമയുമായി ബന്ധപ്പെട്ട സിനിമയിലെ ബഷീര്‍ എന്ന കഥാപാത്രത്തിന് തന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘മുത്തങ്ങ സംഭവത്തെക്കുറിച്ചുള്ള ആ സിനിമയില്‍ ബഷീര്‍ എന്ന പേരുണ്ട്. ആ സമയത്ത് കണ്ണൂര്‍ ഡി.ഐ.ജി ഓഫീസില്‍ ഉള്ള ബഷീര് എന്ന പൊലീസുകാരനാണ് ഞാന്‍. എന്റെ പേര് എന്റെ അറിവോ സമ്മതോ ഇല്ലാതെ സിനിമക്കാര്‍ തരുന്ന കാശിന് വേണ്ടി പൊലീസുകാര്‍ ദുരുപയോഗം ചെയ്തു. കുറച്ച് കാലം പൊലീസുകാരായി പണിയെടുത്ത് സിനിമയുടെ മായിക ലോകത്ത് പോയ പൊലീസുകാരാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്,’ ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ഒരു ഐ.ഡി കാര്‍ഡ് തന്നിട്ടുണ്ടെന്നും ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വിരമിച്ച താങ്കള്‍ക്ക് എങ്ങനെയാണ് ഐ.ഡി കാര്‍ഡ് കിട്ടുകയെന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നാണ് ബഷീര്‍ മറുപടി നല്‍കിയത്.
30 വര്‍ഷം പൊലീസില്‍ ഉണ്ടായിരുന്നതിനാല്‍ അതിന്റെ വരും വരായ്കകള്‍ എന്തായിരിക്കുമെന്ന് തനിക്ക് കൃത്യമായിട്ട് അറിയാമെന്നും അതിനാലാണ് ഐ.ഡി കാര്‍ഡ് സൂക്ഷിച്ചിരുന്നതെന്നും ഇദ്ദേഹം പറയുന്നുണ്ട്.
ഗള്‍ഫിലുള്ള ഇസ്മ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധിയാണ് താന്‍ എന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറയാന്‍ പത്രസമ്മേളനം വിളിക്കാം എന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Security breach; Former policeman lodges complaint at state police chief’s press conference