ബെംഗളൂരു: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയില്‍ അതിജീവിത മൊഴി നല്‍കും. മൊഴി നല്‍കാന്‍ തയ്യാറെന്ന് പരാതിക്കാരി എസ്.ഐ.ടി സംഘത്തെ ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു. ബെംഗളൂരു സ്വദേശിയായ 23കാരിയുടെ പരാതിയില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
കെ.പി.സി.സിയ്ക്ക് കൈമാറിയ പരാതിയിലാണ് കേസെടുത്തത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരായ രണ്ടാമത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
23കാരിയുടെ പരാതി കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഡി.ജി.പിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു നടപടി.
ആദ്യകേസില്‍ ഒളിവിൽ കഴിയുന്നതിനിടെയാണ് രാഹുലിനെതിരെ രണ്ടാമത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 376 (ബലാത്സംഗം), വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ രണ്ട് കേസുകളിലാണ് പാലക്കാട് എം.എൽ.എ നിയമനടപടി നേരിടുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്. 2023 സെപ്റ്റംബര്‍ മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരിചയമുണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. പ്രണയം നടിച്ച രാഹുല്‍ തനിക്ക് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പിന്നീടൊരു ഹോംസ്റ്റേയില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
കരിയറിന് തടസമാകില്ലെന്നും ഭാവി ലക്ഷ്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തുമാണ് രാഹുല്‍ പെണ്‍കുട്ടിയെ സമീപിച്ചത്. ഭയാനകമായ രീതിയിലാണ് രാഹുല്‍ തന്നെ ഉപദ്രവിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.
ആരെയും വിവാഹം ചെയ്യാനുള്ള ഉദ്ദേശമില്ലെന്നും തന്റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കാനുള്ളതല്ലെന്നും രാഹുല്‍ പറഞ്ഞതോടെയാണ് വാഗ്ദാനങ്ങള്‍ കള്ളമായിരുന്നുവെന്ന് തനിക്ക് മനസിലായതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.