ശബരിമല സ്വര്‍ണ കൊള്ളയില്‍ രണ്ടാം അറസ്റ്റ്; മുന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പിടിയില്‍
Kerala
ശബരിമല സ്വര്‍ണ കൊള്ളയില്‍ രണ്ടാം അറസ്റ്റ്; മുന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 10:02 am

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി പത്തോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ മുരാരി ബാബുവില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ശബരിമല ദേവസ്വത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് വലിയ സ്വാധീനമാണ് ജീവനക്കാര്‍ക്കിടയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണപാളി കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന കാലയളവില്‍ ശബരിമലയിലെ ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ ചെമ്പ് തകിടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഗുരുതരമായ ഈ വീഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ചെമ്പ് തെളിഞ്ഞതുകൊണ്ട് സ്വര്‍ണം പൂശാന്‍ നല്‍കിയതാണെന്നാണ് മുരാരി ബാബുവിന്റെ വിശദീകരണം.

തൊണ്ടിമുതല്‍ കണ്ടെത്തി അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതി കൊണ്ടുവരാനായാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Content Highlight: Second arrest in Sabarimala gold robbery Case; Former Devaswom administrative officer arrested