തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. നസീറയാണ് ഹരജി പരിഗണിച്ചത്.
ഉപാധികളോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് ഉപാധി. രാജ്യം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, അതിജീവിതയെ കുറിച്ച് ഒന്നും പറയരുത് എന്നിവയാണ് മറ്റു ഉപാധികള്‍.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി പറഞ്ഞു. രാഹുല്‍ നാളെ (വ്യാഴം) പാലക്കാട് എത്തിയേക്കുമെന്ന് വിവരമുണ്ട്. അടച്ചിട്ട മുറിയിലാണ് വാദം നടന്നത്.
കഴിഞ്ഞ ദിവസം രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് തടയണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ആദ്യ പീഡന കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ അന്തിമ വിധി വരുന്നതുവരെ, അതായത് ഡിസംബര്‍ 15 വരെ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
നിലവില്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ 23കാരിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ ദിവസം എസ്.ഐ.ടിക്ക് മുമ്പാകെ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ശേഷം ഈ മൊഴിയും പെണ്‍കുട്ടി കൈമാറിയ തെളിവുകളും സീല്‍ ചെയ്ത കവറില്‍ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു. ജി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.