ഡാവിഞ്ചി ചെയ്യാത്ത മതനിന്ദ, ടോം വട്ടക്കുഴിയുടെ ഇന്റര്‍പ്രെറ്റേറ്റീവ് ആയ അനുകരണകല ചെയ്തുവെന്നാണെങ്കില്‍ നിങ്ങളുടെ സഹൃദയത്വത്തിന് കാതലായ തകരാറുണ്ട്. സെബിന്‍ എബ്രഹാം ജേക്കബ് ഡൂല്‍ ന്യൂസില്‍ എഴുതുന്നു.
1967ല്‍ ഏണസ്റ്റോ ചെഗുവേരയെ വെടിവച്ചുകൊന്ന പട്ടാളക്കാര്‍ ആ ശരീരം കഴുകി വൃത്തിയാക്കുവാന്‍ ഒരു കന്യാസ്ത്രീ മഠത്തിലാണ് ഏല്പിച്ചത്.
അനീതിക്കെതിരെ അടരാടി ശാന്തനായി മരിച്ചുകിടക്കുന്ന ചെഗുവേരയ്ക്കരികില്‍ സങ്കടലേറ്റം കണക്കേ അശാന്തമായിരിക്കുന്ന കന്യാസ്ത്രീകളുടെ പാര്‍ശ്വഭാഗവീക്ഷണം ചില പെയ്ന്റിംഗുകളായും ശില്പമായും ഒക്കെ വന്നതിന്റെ ഫോട്ടോഗ്രാഫ്‌സ് കാണാനിടവന്നിട്ടുണ്ട്.
ക്രൂശിതനായ ക്രിസ്തുവിനെ കുരിശില്‍നിന്ന് അഴിച്ച് താഴെയിറക്കിയശേഷം സ്വന്തം മടിയില്‍ കിടത്തി ഒരു ഇള്ളാക്കുഞ്ഞിനെയെന്നപോല്‍ താലോലിക്കുന്ന അമ്മ മറിയത്തിനെ വിഭാവനം ചെയ്യുന്ന പിയാത്ത എന്ന ശില്പത്തെക്കണക്ക് ക്രൈസ്തവമായ ഒരു പുണ്യപാപ, യാതനാവിമോചന ദ്വന്ദമായി ഈ മുഹൂര്‍ത്തങ്ങള്‍ കലാചരിത്രത്തില്‍ ശോഭിച്ചുനില്‍ക്കുന്നു.
ചെഗുവരെയ്ക്കരികിലിരിക്കുന്ന കന്യാസ്ത്രീകള്‍
2016ല്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ”മൃദ്വാംഗിയുടെ ദുര്‍മൃത്യു” എന്ന നാടകത്തിന് ചിത്രകാരന്‍ ടോം വട്ടക്കുഴി വരച്ച ഇല്ലുസ്‌ട്രേഷന്‍ മാസിക ഇറങ്ങി പിറ്റേദിവസം മനോരമ പിന്‍വലിക്കുകയും ചിത്രകാരനെ എം.എം പബ്ലിക്കേഷന്‍സില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
വിശ്രുതമായ അന്ത്യഅത്താഴ ചിത്രത്തിന് ഒരു പിന്‍കുറിപോലെ അതേ സെറ്റപ്പില്‍ തീന്‍മേശയുടെ നടുക്ക് മാറിടം അനാവൃതമാക്കിയ മാതാഹരിയും ഇരുവശത്തുമായി 12 കന്യാസ്ത്രീകളും അടങ്ങുന്നതായിരുന്നു ചിത്രം.
ചിത്രത്തില്‍ ക്രിസ്തുരൂപത്തോട് സാദൃശ്യം കല്പിക്കുന്ന മാതാഹരിയുടെ ശിരസ്സിലേക്ക് നീളുന്ന വെളിച്ചപ്രവാഹം അവരെ കൊല്ലാന്‍ വരുന്ന ആരാച്ചാര്‍ക്കായി തുറന്നിട്ട വാതിലുകളില്ലാത്ത ഇടനാഴിയില്‍ നിന്നാകുന്നു. അവിടെ നിഴല്‍രൂപംപോലെ ആ മരണദൂതനുമുണ്ട്. അയാളുടെ ചുമലില്‍ തോക്കുമുണ്ട്.
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ചിത്രത്തില്‍ ക്രിസ്തുവിന്റെ പിന്നിലുള്ള തുറന്ന ജനാലയിലൂടെ ഗത്സമേന ദൃശ്യമാകുന്നുണ്ട്. എന്നാല്‍ പുറത്തേക്കു തുറക്കുന്ന വാതായനങ്ങളല്ല, ടോം വട്ടക്കുഴിയുടെ രചനയിലുള്ളത്.
പകരം ഇരുണ്ടതും നീണ്ടതുമായ ഇടനാഴിയാണ്. അവ തുറസ്സിലേക്കല്ല, കുടുസ്സിലേക്കാണ് നയിക്കുന്നത്. അല്ലെങ്കില്‍ തുറസ്സില്‍ നിന്നല്ല, കുടുസ്സില്‍ നിന്നാണ് അവര്‍ ആ തീന്‍മേശയിലേക്ക് എത്തുന്നത്.
കറുപ്പും കടുംനീലയും കലര്‍ന്നതാണ് അതിന്റെ മേല്‍ക്കൂര. മുന്‍വശത്ത് ഒറിജിനല്‍ ചിത്രത്തിലുള്ളപോലെ കനലെരിയാത്ത നെരിപ്പോടില്ല. മേശയ്ക്കു ചുറ്റുമായല്ല, മേശയുടെ ഒരുവശത്തു തന്നെ സദസ്സിന് അഭിമുഖമായാണ് ക്ലോസ് അപ്പിലുള്ള രണ്ടുചിത്രങ്ങളും അവതീര്‍ണ്ണമാകുന്നത്. അതിലൂടെ ചിത്രത്തിന് ഒരു നാടകത്തിന്റെ ദൃശ്യഭാഷ കൈവരുന്നു.
ലാസ്‌ററ് സപ്പര്‍-ലിയനാര്‍ഡോ ഡാവിഞ്ചി
ചാരവൃത്തിയാരോപിക്കപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മാതാഹരിയെ കൊല്ലുന്നതിനു തൊട്ടുതലേന്നാള്‍ ഒരു കന്യാസ്ത്രീ മഠത്തിലായിരുന്നത്രേ സൂക്ഷിക്കാനേല്പിച്ചത്.
ആ മഠത്തില്‍ അമ്മമാരോടൊപ്പം ആ ചാരവനിത അവരുടെ അന്ത്യഅത്താഴം ഭുജിച്ചു. പൊട്ടറ്റോ ഈറ്റേഴ്‌സ് എന്ന വിഖ്യാതമായ മറ്റൊരു ചിത്രത്തെ കൂടി ഓര്‍മ്മിപ്പിക്കുന്ന തീന്‍മേശയില്‍ അപ്പമോ ഉരുളക്കിഴങ്ങോ അല്ല, പാപത്തിന്റെ കനിയെ പ്രതിനിധീകരിക്കുന്ന ചുവന്നുതുടുത്ത ആപ്പിളും ബണ്ണുമാണ് ഭക്ഷ്യവസ്തുക്കളായി കാണുന്നത്.
എത്ര ശക്തമായ സംവേദനമാണ് ഈ ചിത്രം പകരുന്നത് എന്ന് മുന്‍ധാരണകള്‍ മാറ്റിവച്ച് ഒന്നു ചിന്തിക്കൂ.
പൊട്ടറ്റൊ ഇറ്റേഴ്‌സ്-വിന്‍സെന്റ് വാന്‍ ഗോഗ്
കൊച്ചി മുസിരിസ് ബിനാലെയില്‍ ഇടം എന്ന പ്രദര്‍ശന ഹാളില്‍ നിരവധി ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം ടോം വട്ടക്കുഴിയുടെ ഈ ചിത്രവും പ്രദര്‍ശനത്തിനു വച്ചിരുന്നു.
അതിന്റെ പേരില്‍ സിറൊ മലബാര്‍ സഭയും കത്തോലിക്കാ കോണ്‍ഗ്രസും പിന്നാലെ യൂത്ത് കോണ്‍ഗ്രസും മൂത്ത കോണ്‍ഗ്രസും പ്രതിഷേധവും കരിങ്കൊടിയും ആയി രംഗത്തുവന്നു. അതോടെ പ്രദര്‍ശനഹാള്‍ പൂട്ടിയിരിക്കുകയാണ്.
ടോമിന്റേത് ഒറിജിനല്‍ എന്നു പറയാവുന്ന കലാസൃഷ്ടിയല്ല, ഒരു കലാസൃഷ്ടിയുടെ പുനര്‍വായനയാണ്, ഇന്റര്‍പ്രെറ്റേഷനാണ്. അതിനെ മറ്റൊരു ചരിത്രപശ്ചാലത്തില്‍ ഒരു യുവതിയുടെ അവസാനരാത്രിയെ അടയാളപ്പെടുത്താന്‍ പുനരുപയോഗിച്ചിരിക്കയാണ്.
അത് ഒരു ഡെറിവേറ്റീവ് വര്‍ക്കാണ്. അത്തരം ഒരു ഡെറിവേറ്റീവ് വര്‍ക്കിനെ മതനിന്ദ ആരോപിച്ച് ഭര്‍ത്സിക്കാന്‍ തക്കവണ്ണം മതാന്ധത ബാധിച്ചവരായി കേരളത്തിലെ ആളുകളെ മാറ്റിത്തീര്‍ത്തത്തില്‍ മനോരമയ്ക്കും കോണ്‍ഗ്രസിനും കത്തോലിക്കാ സഭയ്ക്കും പങ്കുണ്ട്.
മതമൗലികവാദവും അതിന്റെ പേരിലുള്ള തീവ്രവാദവും ശക്തിപ്രാപിക്കുന്നത് എല്ലായ്‌പ്പോഴും വലതുപക്ഷ യാഥാസ്ഥിതികത്വത്തിന്റെ (Rightwing social conservatism) ബലത്തിലാണ്. അത് ആത്മീയമായ ഉണര്‍വ്വല്ല, രാഷ്ട്രീയമായ സുവര്‍ണ്ണാവസരമാണ് പ്രദാനം ചെയ്യുന്നത്.
അങ്ങനെ മതനിന്ദ ആരോപിക്കാനായിരുന്നെങ്കില്‍ ഡാവിഞ്ചിയുടെ ഒറിജിനല്‍ വര്‍ക്കിനെതിരെ തന്നെ ആവാമായിരുന്നു. കാര്‍ക്കശ്യക്കാരനായ യഹോവയെ വരച്ചുകാട്ടുന്ന യഹൂദരുടെ പഞ്ചഗ്രന്ഥങ്ങളടങ്ങിയ പഴയ നിയമത്തെ മാറ്റി സ്‌നേഹത്തിന്റെ പുതിയ നിയമം സ്ഥാപിച്ച ക്രിസ്തു, അന്ത്യ അത്താഴത്തിലൂടെ മൃഗബലിയുടെ സ്ഥാനത്ത് വിശുദ്ധ കുര്‍ബാനയെ പ്രതിഷ്ഠിക്കുകയാണ്.
കൈയിലുള്ള അപ്പം വാഴ്ത്തി അനുഗ്രഹിച്ച് മുന്തിരിച്ചാറുനിറച്ച പാനപാത്രത്തില്‍ മുക്കി ഇതാ ഇത് എന്റെ ജീവനുള്ള ശരീരവും രക്തവും ആകുന്നു, ഇതു വാങ്ങി പാനം ചെയ്യുവിന്‍ എന്നു പറഞ്ഞ് ശിഷ്യന്മാര്‍ക്കു നല്‍കിക്കൊണ്ട് അദ്ദേഹം ചരിത്രം കുറിക്കുമ്പോള്‍ അതു കാണാനായി ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ടായിരുന്നില്ല.
അത് ഒരു മാളികയുടെ മുകള്‍ നിലയിലെ ഒരു ചെറിയ ഹാളില്‍ ക്രിസ്തുവും ശിഷ്യന്മാരും മാത്രമടങ്ങിയ സ്വകാര്യ സദസ്സായിരുന്നു. അത്തരമൊരു അത്താഴ വിരുന്നില്‍ ഒരു മേശയ്ക്ക് പുറത്തു മാത്രമായാവില്ല അവരാരും ഉപവിഷ്ടരായത്.
അതിനെ കാഴ്ചക്കാര്‍ക്കു വേണ്ടിയുള്ള ടൂ ഡയമെന്‍ഷനല്‍ പ്രതലത്തിലേക്കു മാറ്റി ഒരു സ്‌പെക്ടാക്കിള്‍ ആയി അവതരിപ്പിച്ചത് ഡാവിഞ്ചിയാണ്. ഡാവിഞ്ചി ചെയ്യാത്ത മതനിന്ദ, ടോം വട്ടക്കുഴിയുടെ ഇന്റര്‍പ്രെറ്റേറ്റീവ് ആയ അനുകരണകല ചെയ്തുവെന്നാണെങ്കില്‍ നിങ്ങളുടെ സഹൃദയത്വത്തിന് കാതലായ തകരാറുണ്ട്.
Content Highlight: Sebin A Jacob writes about Tom vattakuzhi’s painting