ഇറാന്‍ പ്രസിഡന്റിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു; സഹായവുമായി റഷ്യയും തുര്‍ക്കിയും
Ebrahim Raisi
ഇറാന്‍ പ്രസിഡന്റിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു; സഹായവുമായി റഷ്യയും തുര്‍ക്കിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2024, 7:53 am

ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി ഇറാന്‍. ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രസിഡന്റിനെ ഉള്‍പ്പെടെ കാണാതായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമായത് രാക്ഷപ്രര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

അപകട സ്ഥലം കണ്ടെത്തിയെന്നും ഉസി എന്ന ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ വനമേഖലയായ ഇവിടേക്ക് കാല്‍നടയായി മാത്രമേ രക്ഷപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് കനത്ത മഴ പെയ്യുന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അയച്ചിട്ടുണ്ട് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ 40 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍-അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഒരു അണക്കെട്ട് ഉദ്ഘാടനത്തില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹഹം അലിയേവിനൊപ്പം പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലികോപ്റ്റര്‍ അപടകത്തില്‍ പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകളുണ്ടായിരുന്ന സംഘത്തില്‍ ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടിച്ചിറക്കിയത്. മറ്റു രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആണവ വിഷയത്തില്‍ പാശ്ചാത്യ ഉപരോധം നേരിടുന്നത് കാരണം ഇറാന് പുതിയ ഹെലികോപ്റ്ററുകളും വിമാനങ്ങളും വാങ്ങുന്നതിന് തടസ്സം നേരിടുന്നുണ്ട്. നിലവിലുള്ളവയുടെ അറ്റകുറ്റപണികള്‍ക്കും ഉപരോധം തടസ്സമാകുന്നുണ്ട്. ഇക്കാരണത്താല്‍ നിലവില്‍ ഇറാന്‍ സൈന്യത്തിന്റെ പക്കലുള്ള മിക്ക ഹൈലികോപ്റ്ററുകളും വിമാനങ്ങളും കാലഹരണപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്.

content highlights: Search Continues for Iran’s President; Russia and Turkey with help