ചെരുപ്പുനക്കികളുടെ ചിത്രം സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം വേണ്ട; മാളില്‍ സവര്‍ക്കറിന്റെ ചിത്രത്തിന് നേരെ യുവാവിന്റെ രോഷം
national news
ചെരുപ്പുനക്കികളുടെ ചിത്രം സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം വേണ്ട; മാളില്‍ സവര്‍ക്കറിന്റെ ചിത്രത്തിന് നേരെ യുവാവിന്റെ രോഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th August 2022, 10:29 am

ബെംഗളൂരു: മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതില്‍ രോഷാകുലനായി യുവാവ്. മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവമോഗ്ഗയിലെ ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളിലാണ് സംഭവം.

പ്രദര്‍ശനത്തില്‍ സവര്‍ക്കറിന്റെ ഫോട്ടോ കണ്ടതോടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സ്വാതന്ത്ര സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

സ്വാതന്ത്ര സമരസേനാനികളുടെ ചിത്രപ്രദര്‍ശനത്തില്‍ നിന്ന് സവര്‍ക്കറിന്റെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാളിന് പുറത്ത് ധര്‍ണ നടത്തിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പിന്നാലെ പ്രദേശത്ത് വര്‍ഗീയ കലാപ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് ന്യൂസ്18 റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം പ്രതിഷേധം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി സിറ്റി വിങ് പ്രസിഡന്റ് ജഗദീഷ് ആരോപിച്ചു.

സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവര്‍ത്തി സമയത്ത് മാളിലെത്തി ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ദൊഡ്ഡപ്പേട്ട് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Content Highlight: SDPI worker against including photo of savarkar along with freedom fighters in City mall

: