കോഴിക്കോട്: ജില്ലയില്‍ വ്യാപകമായി യു.ഡി.എഫ് – ബി.ജെ.പി ധാരണയുണ്ടായെന്ന് എസ്.ഡി.പി.ഐ. തങ്ങള്‍ക്ക് ജയസാധ്യതയുള്ള വാര്‍ഡുകളില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചും വോട്ടുകള്‍ നല്‍കിയെന്ന് എസ്.ഡി.പി.ഐ ജില്ലാ അധ്യക്ഷന്‍ മുസ്തഫ കൊമ്മേരി പറഞ്ഞു.
‘എസ്.ഡി.പി.ഐ വിജയിക്കുന്ന പല വാര്‍ഡുകളിലും ബി.ജെ.പിയുടെ ഓപ്പണ്‍ വോട്ട് അടക്കമുള്ള വോട്ടുകള്‍ ചെയ്യിപ്പിച്ചിട്ടുള്ളത് യു.ഡി.എഫാണ്. ബി.ജെ.പിയുടെ ഒരു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വാര്‍ഡുകളില്‍ കണ്ടിട്ടില്ല. ബൂത്ത് ഏജന്റുമാര്‍ പോലും പലയിടത്തും ഉണ്ടായിട്ടില്ല. ബി.ജെ.പിയുടെ കേന്ദ്രങ്ങളില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല,’ മുസ്തഫ കൊമ്മേരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ജില്ലയിലാകമാനവും സംസ്ഥാനത്തും യു.ഡി.എഫ് ബി.ജെ.പിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. തിരിച്ച് ബി.ജെ.പിയും സമാനമായി യു.ഡി.എഫിനെയും സഹായിച്ചു.
എന്റെ സ്വന്തം വാര്‍ഡായ കോഴിക്കോട് കോര്‍പ്പറേഷനിലെ കൊമ്മേരിയില്‍ 2020ല്‍ 998 വോട്ടുകളാണ് ബി.ജെ.പി നേടിയത്. ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി 600ഓളം വോട്ടുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇവിടെ ബി.ജെ.പിക്ക് ഇത്തവണ ചുരുങ്ങിയത് 1600നടുത്ത് വോട്ടുകള്‍ ലഭിക്കേണ്ടതാണ്.
എന്നാല്‍ 258 വോട്ടുകളാണ് ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത്. 800ഓളം വോട്ടുകള്‍ക്കാണ് യു.ഡി.എഫ് കൊമ്മേരിയില്‍ വിജയിച്ചത്.
ഈ വാര്‍ഡിന് അടുത്തുള്ള പൊറ്റമ്മല്‍, പുതിയറ, ഗോവിന്ദപുരം വാര്‍ഡുകളില്‍ യു.ഡി.എഫിന് വോട്ട് കുറവാണ്. ഇവിടെയെല്ലാം ബി.ജെ.പി വിജയിക്കുകയും ചെയ്തു.
ഇക്കാരാണത്താലാണ് കോഴിക്കോട് ജില്ലയില്‍ വ്യാപകമായി യു.ഡി.എഫ് – ബി.ജെ.പി ധാരണയുണ്ടെന്ന് സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും,’ മുസ്തഫ കൊമ്മേരി പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൊമ്മേരി ഡിവിഷനില്‍ യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച കവിത അരുണാണ് വിജയിച്ചത്. 2,822 വോട്ടുകള്‍ കവിത അരുണ്‍ സ്വന്തമാക്കി. സി.പി.ഐ.എമ്മിന്‍ അനില്‍കുമാര്‍ എം.സി 1,972 വോട്ടുകള്‍ നേടിയാണ് രണ്ടാമതെത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവന്‍ 258 വോട്ടുകളിലൊതുങ്ങി. എസ്.ഡി.പി.ഐയുടെ നൗഷീര്‍ 137 വോട്ടുകളുമായി നാലാമതുമെത്തി.
പൊറ്റമ്മലില്‍ സി.പി.ഐ.എമ്മിന്റെ അങ്കത്തില്‍ അജയകുമാറിനെ 168 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ ടി. രനീഷ് തോല്‍പിക്കുന്നത്. പുതിയറയില്‍ സി.പി.ഐ.എമ്മിന്റെ സി. രേഖയെ ഒമ്പത് വോട്ടിന് ബി.ജെ.പിയുടെ ബിന്ദു ഉദയകുമാറും പരാജയപ്പെടുത്തി.
Content Highlight: SDPI says there were widespread BJP-UDF cross votes in Kozhikode district