കണ്ണൂര്‍ കോര്‍പ്പറേഷനിലും തലശ്ശേരി മുനിസിപ്പാലിറ്റിയിലും അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ
Kerala
കണ്ണൂര്‍ കോര്‍പ്പറേഷനിലും തലശ്ശേരി മുനിസിപ്പാലിറ്റിയിലും അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 3:20 pm

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലും തലശ്ശേരി മുനിസിപ്പാലിറ്റിയിലും അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ. അറക്കല്‍ 44 വാര്‍ഡിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ. സമീറയാണ് കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്‌ലിം ലീഗിലെ കെ.എം. സാബിറ ടീച്ചറെ 54 വോട്ടിന് തോല്‍പിച്ചാണ് കെ. സമീറയുടെ വിജയം. നിലവില്‍ ആയിക്കര വാര്‍ഡിലെ കൗണ്‍സിലറാണ് സാബിറ ടീച്ചര്‍. മേയറാകാന്‍ സാധ്യത ഉണ്ടായിരുന്ന സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു സാബിറ ടീച്ചര്‍.

നേരത്തെ കണ്ണൂര്‍ നഗരസഭയിലെ കസാന കോട്ടയില്‍ നിന്നും എസ്.ഡി.പി.ഐയ്ക്ക് അംഗമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായിരുന്നില്ല.

കണ്ണൂര്‍ കോര്‍പ്പറേഷന് പുറമെ തലശ്ശേരി മുന്‍സിപ്പാലിറ്റിയിലും എസ്.ഡി.പി.ഐ അക്കൗണ്ട് തുറന്നിട്ടുണ്ട്. അതേസമയം യു.ഡി.എഫിന്റെ വലിയ മുന്നേറ്റമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാണാനാകുന്നത്.

ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വന്‍ തിരിച്ചുവരവാണ് യു.ഡി.എഫ് നടത്തിയിരിക്കുന്നത്. ഈ മുന്നേറ്റത്തിന് കാരണം ടീം യു.ഡി.എഫാണെന്നും തങ്ങള്‍ വെച്ച അജണ്ടയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

കെ.പി.സി.സി പാര്‍ട്ടിയെ കൃത്യമായി സംഘാടനം ചെയ്തെന്നും എ.ഐ.സി.സി തങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവരുമായുള്ള കൂട്ടുകെട്ടാണ് യു.ഡി.എഫിന്റെ ഈ മുന്നേറ്റത്തിന് കാരണമായതെന്ന വിമര്‍ശനവും നിലവില്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ ജയിച്ചുവരാന്‍ സാധ്യതയുള്ള വാര്‍ഡുകളില്‍ മുസ്ലിം ലീഗ് ബി.ജെ.പിക്കും തിരിച്ചും വോട്ടുകള്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയിരുന്നു. വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യക്ഷമായും ജില്ലയില്‍ ആകമാനം രഹസ്യമായും യു.ഡി.എഫ്-ബി.ജെ.പി ധാരണ ഉണ്ടായിട്ടുണ്ടെന്നും എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു.

Content Highlight: SDPI opens accounts with Kannur Corporation and Thalassery Municipality