ഫിലിം ക്ലബ്ബില്ലാത്ത സംഘടന ഉദ്ഘാടനത്തിന് വിളിച്ചു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍; ഷാരിസിനെതിരെ എസ്.ഡി.പി.ഐ
Entertainment news
ഫിലിം ക്ലബ്ബില്ലാത്ത സംഘടന ഉദ്ഘാടനത്തിന് വിളിച്ചു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍; ഷാരിസിനെതിരെ എസ്.ഡി.പി.ഐ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd August 2022, 2:30 pm

എസ്.ഡി.പി.ഐയുടെ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചുവെന്ന ജന ഗണ മന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ രംഗത്ത്.

എം.എസ്.എഫിന്റെ വേര് എന്ന പരിപാടിക്കിടെയായിരുന്നു ഷാരിസ് എസ്.ഡി.പി.ഐ പരിപാടി വിളിച്ചിട്ടും പോയില്ല എന്ന് പറഞ്ഞത്.

എസ്.ഡി.പി.ഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ലെന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിച്ചുവെന്ന് ഷാരിസ് പറഞ്ഞതെന്നും ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് ജന ഗണ മനപോലെരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണോ എന്ന് സംശയിക്കുന്നതായും അബ്ദുല്‍ ജബ്ബാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ജന ഗണ മന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു.’ എന്നാണ് ഷാരിസ് പറഞ്ഞത്.

ഇതിനൊപ്പം തന്നെ കെ റെയിലിനെ വിമര്‍ശിച്ചും ഷാരിസ് രംഗത്തെത്തിയിരുന്നു.

കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരില്‍ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളില്‍ അപമാനിച്ചു. എനിക്കൊരു കെ റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ടെന്നായിരുന്നു ഷാരിസ് മുഹമ്മദ് പറഞ്ഞത്.

അബ്ദുല്‍ ജബ്ബാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ജനഗണമന എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് കഴിഞ്ഞ ദിവസം ഒരു മുസ്ലിം വിദ്യാര്‍ഥി സംഘടനയുടെ വേദിയില്‍ വച്ച് എസ്.ഡി.പി.ഐയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

എസ്.ഡി.പി.ഐ ഒരു പ്രോഗ്രാമിന് ക്ഷണിച്ചുവെന്നും അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദ് എന്നായിരുന്നുവെന്നുമുള്ള ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. എസ്.ഡി.പി.ഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണ് എന്ന് സംശയിക്കുന്നു. എസ്.ഡി.പി.ഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ല.

Content Highlight : SDPI   objected to the statement of Sharis Muhammad that he was invited for the inauguration of the SDPI Film Club