സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പിക്ക് ഗുണം ചെയ്യും; മഞ്ചേശ്വരത്തെ പത്രിക പിന്‍വലിച്ച് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി
Kerala
സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പിക്ക് ഗുണം ചെയ്യും; മഞ്ചേശ്വരത്തെ പത്രിക പിന്‍വലിച്ച് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി
അനിത സി
Thursday, 26th March 2026, 3:18 pm

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ.എം. അഷ്‌റഫ് പത്രിക പിന്‍വലിച്ചു. യു.ഡി.എഫിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചതെന്നാണ് സൂചന.

കടുത്ത മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് അഷ്‌റഫിന്റെ സ്ഥാനാര്‍ത്ഥിത്വം വോട്ട് വിഭജിക്കുമെന്നും അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് പത്രിക പിന്‍വലിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചിരിക്കുന്നതെന്ന് അഷ്‌റഫ് അറിയിച്ചു. പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹിത്വവും അഷ്‌റഫ് ഒഴിഞ്ഞു.

നേരത്തെ അഷ്‌റഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എസ്.ഡി.പി.ഐ നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്ന സൂചന സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.

മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പത്രിക പിന്‍വലിച്ചിരിക്കുന്നതെന്ന് അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നാണ് (വ്യാഴാഴ്ച)സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

2021ല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പിയുടെ കെ. സുരേന്ദ്രനെതിരെ കേവലം745 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫിനുണ്ടായിരുന്നത്.

അതുകൊണ്ടുതന്നെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ബി.ജെ.പിക്കായിരുന്ന ഗുണം ചെയ്തിരുന്നത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ യു.ഡി.എഫിന്റെ എ.കെ.എം അഷ്‌റഫും ബി.ജെ.പിയുടെ കെ. സുരേന്ദ്രനും എല്‍.ഡി.എഫിന്റെ കെ.ആര്‍. ജയാനന്ദയും തമ്മിലാണ് പ്രധാന പോരാട്ടം.

Content Highlight: SDPI Candidate withdraws nomination from Manjeshwaram

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.