മുഖ്യമന്ത്രിയുടെ രാജി, പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, പിന്നാലെ കൂട്ടത്തല്ല്; ത്രിപുരയില്‍ നാടകീയ രംഗങ്ങള്‍, വീഡിയോ
national news
മുഖ്യമന്ത്രിയുടെ രാജി, പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, പിന്നാലെ കൂട്ടത്തല്ല്; ത്രിപുരയില്‍ നാടകീയ രംഗങ്ങള്‍, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th May 2022, 10:54 pm

അഗര്‍തല: പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ത്രിപുരയില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ കൂട്ടത്തല്ല്. മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയനേതൃത്വത്തിന്റെ പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിനിടെയാണ് സംസ്ഥാന മന്ത്രിമാരും എം.എല്‍.എമാരും തമ്മിലടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


ത്രിപുരയില്‍ മുഖ്യമന്ത്രിയുടെ കീഴില്‍ നടന്ന അഴിമതികള്‍ക്കും ഭരണ അനീതികള്‍ക്കുമെതിരെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് ബിപ്ലവ് കുമാര്‍ ഭരണത്തില്‍ തുടര്‍ന്നാല്‍ ജനപിന്തുണ ലഭിക്കുമെന്ന കാരണം മുന്‍നിര്‍ത്തിയാണ് സ്ഥാനം മാറ്റിയതെന്നും ആരോപണമുണ്ട്.

കോണ്‍ഗ്രസില്‍നിന്ന് ആറ് വര്‍ഷം മുന്‍പ് രാജിവെക്കുകയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായി മാറുകയും ചെയ്ത മണിക് സാഹയെയാണ് പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മണിക് സാഹയെ മുഖ്യമന്ത്രിയാക്കുന്നതിന് മുമ്പ് പാര്‍ട്ടിക്കുള്ളില്‍ ഒരു കൂടിയാലോചനയും നടന്നിട്ടില്ലെന്ന് പാര്‍ട്ടി എം.എല്‍.എ പരിമള്‍ ദേബ്ബര്‍മ പറഞ്ഞു.

23മാര്‍ച്ചിലാണ് ത്രിപുരയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 25 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2018ല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് ബിപ്ലവ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത്.

Content Highlight: scuffle in Tripura after declaring new cm of the state