സിനിമാ ഹാളിലെ ദേശീയഗാനം ജനങ്ങളില്‍ രാജ്യ സ്‌നേഹം വളര്‍ത്തുമെന്ന് വെങ്കയ്യ നായിഡു
Daily News
സിനിമാ ഹാളിലെ ദേശീയഗാനം ജനങ്ങളില്‍ രാജ്യ സ്‌നേഹം വളര്‍ത്തുമെന്ന് വെങ്കയ്യ നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th November 2016, 5:41 pm

 


കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും യുവ തലമുറയെയടക്കം രാജ്യസ്‌നേഹികളാക്കാന്‍ ഇത് സഹായിക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.


ന്യൂദല്‍ഹി:  രാജ്യത്ത് എല്ലാ തിയേറ്ററുകളിലും ദേശീയഗാനം പാടിപ്പിക്കണമെന്ന സുപ്രീംകോടതി വിധി ജനങ്ങളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.

കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും യുവ തലമുറയെയടക്കം രാജ്യസ്‌നേഹികളാക്കാന്‍ ഇത് സഹായിക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണം, തിയേറ്ററുകളിലെ മുഴുവന്‍ ആളുകളും അപ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം, തിയേറ്ററില്‍ സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണം. ഇതായിരുന്നു കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഉത്തരവിട്ടിരുന്നത്. ദേശീയഗാനത്തെ ചൂഷണം ചെയ്യുന്നതിനും അപമാനിക്കുന്നതിനുമെതിരെ ഭോപ്പാല്‍ സ്വദേശിയായ ശ്യാം നാരായണ്‍ ചൗസ്‌ക്കി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.


Read more: കോഴിക്കോട് കാനറ ബാങ്കുകള്‍ പൂട്ടാനുള്ള കാരണം എന്ത് ?


ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം എല്ലാ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചുകൊടുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.. നിര്‍ദേശം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

1980 കളില്‍ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തലാക്കുകയായിരുന്നു. തുടര്‍ന്ന് 2003 ല്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുന്നത്.മഹാരാഷ്ട്രയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും സിനിമയ്ക്ക് മുന്നോടിയായി തന്നെ ദേശീയഗാനം വെക്കണമെന്നത് നിര്‍ബന്ധമാണ്.


Read more: സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ മനുഷ്യത്വ രഹിതവും ബുദ്ധിശൂന്യവുമാണെന്ന് അമര്‍ത്യാ സെന്‍