'ഞാനടക്കമുള്ള പൊലീസുകാരെ മറ്റൊരു കണ്ണില്‍ കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു'; നായാട്ടിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍
Mollywood
'ഞാനടക്കമുള്ള പൊലീസുകാരെ മറ്റൊരു കണ്ണില്‍ കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു'; നായാട്ടിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th May 2021, 11:11 am

പൊലീസുകാരനായതുകൊണ്ടു തന്നെ എളുപ്പത്തില്‍ എഴുതാന്‍ കഴിയുന്ന കഥയായിരുന്നു നായാട്ടിന്റേതെന്ന് തിരക്കഥാകൃത്ത് ഷാഹി കബീര്‍. ബിഹൈന്‍ഡ് ദി വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ഷാഹിയുടെ വെളിപ്പെടുത്തല്‍.

‘ഞാനൊരു പൊലീസുകാരനായതുകൊണ്ടു തന്നെ എളുപ്പത്തില്‍ എഴുതാന്‍ കഴിയുന്ന കഥയായിരുന്നു നായാട്ടിന്റേത്. എന്റെ അനുഭവങ്ങള്‍ കുറച്ചുകൂടി വിശദമായി എഴുതാന്‍ കഴിയും. ജോസഫ് ഒരു കംപ്ലീറ്റ് പൊലീസ് സിനിമയെന്ന് പറയാന്‍ കഴിയില്ല. നായാട്ടാണ് ഒരു പൊലീസ് സിനിമ എന്നൊക്കെ പറയാന്‍ കഴിയുന്നത്. നായാട്ട് എന്ന സിനിമ എഴുതുന്ന ഞാന്‍ ഒരു പൊലീസുകാരനാണ്. പൊലീസ് പക്ഷത്ത് നിന്ന് പറയേണ്ട സിനിമയായിരുന്നു അത്. അതുകൊണ്ടാണ് നായാട്ട് അങ്ങനെ മാറിനില്‍ക്കുന്നത്. ഞാനടക്കമുള്ള പൊലീസുകാരെ മറ്റൊരു കണ്ണില്‍കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു,’ ഷാഹി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം മറ്റൊരു രീതിയില്‍ സിനിമയാക്കുകയായിരുന്നുവെന്നാണ് നായാട്ടിന്റെ തിരക്കഥയെപ്പറ്റി ഷാഹി പറയുന്നത്. നായാട്ടിന്റെ കഥ ഏകദേശം പൂര്‍ത്തിയായപ്പോള്‍ ആദ്യം പറഞ്ഞത് നടന്‍ ജോജുവിനോടായിരുന്നുവെന്നും ഷാഹി പറഞ്ഞിരുന്നു.

‘ജോസഫിന്റെ കാര്യമാണെങ്കില്‍, ഞാനാദ്യം എഴുതുന്നതിന് മുമ്പ് ജോജുവിനോടാണ് സംസാരിച്ചത്. ജോജു കഥ കേട്ടിട്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. അതുപോലെ തന്നെ നായാട്ടിന്റെ ആദ്യ കഥയും കേട്ടത് ജോജുവാണ്. താല്‍പ്പര്യമുണ്ടെന്ന് ജോജുവിന് തോന്നുന്ന പോയിന്റിലാണ് കഥ ബാക്കിയെഴുതുന്നത്’, ഷാഹി പറഞ്ഞു.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്.

പൊലീസിന്റെ ദൈനംദിന പ്രവൃത്തികളും വ്യക്തി ജീവിതവും മുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവും രാഷ്ട്രീയക്കാരുടെ വെറും കളിപ്പാവകളായി മാറേണ്ടി വരുന്ന അവസ്ഥയുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ അറസ്റ്റുകള്‍ മുതലുള്ള പ്രവൃത്തികളും ചിത്രത്തിലുണ്ട്.

നായാട്ട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Script Writer  Shahi Kabir About Portarayl Of Police In  Nayattu Movie Theme