ബാഹുബലിക്ക് ശേഷം പ്രഭാസ്, കെ.ജി.എഫിന് ശേഷം യഷ്... ലോട്ടറി എക്‌സ്‌പോസായെന്ന് സിനിമാപേജുകള്‍, അടുത്തത് അല്ലു അര്‍ജുനായിരിക്കുമോ?
Indian Cinema
ബാഹുബലിക്ക് ശേഷം പ്രഭാസ്, കെ.ജി.എഫിന് ശേഷം യഷ്... ലോട്ടറി എക്‌സ്‌പോസായെന്ന് സിനിമാപേജുകള്‍, അടുത്തത് അല്ലു അര്‍ജുനായിരിക്കുമോ?
അമര്‍നാഥ് എം.
Saturday, 29th August 2026, 10:34 am

സ്വന്തം ഇന്‍ഡസ്ട്രിക്ക് പുറത്ത് വലിയൊരു മാര്‍ക്കറ്റ് ഉണ്ടാക്കിയെടുക്കുക എന്നത് ഏതൊരു നടന്റെയും സ്വപ്‌നമാണ്. ഭാഷാതിര്‍ത്തികള്‍ കടന്ന് സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കുക അത്ര എളുപ്പമുള്ള പണിയല്ല. ചിലര്‍ തങ്ങളുടെ അഭിനയസിദ്ധി കൊണ്ട് അത്തരം റീച്ച് നേടുമ്പോള്‍ മറ്റ് ചിലര്‍ അവരുടെ സ്റ്റാര്‍ഡം കൊണ്ട് റീച്ച് നേടിയെടുക്കും.

രജിനികാന്ത്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിജയ് തുടങ്ങിയവര്‍ സൂപ്പര്‍സ്റ്റാറായത് ഇങ്ങനെയാണ്. കാലങ്ങള്‍ കൊണ്ടാണ് ഇവരെല്ലാവരും മറ്റ് ഇന്‍ഡസ്ട്രികളില്‍ റീച്ച് നേടിയത്. എന്നാല്‍ അടുത്തിടെയായി ഇന്ത്യന്‍ സിനിമയില്‍ കാണുന്ന പ്രതിഭാസമാണ് ഒറ്റ സിനിമയിലൂടെ ഒന്നിലധികം ഇന്‍ഡസ്ട്രികളുടെ മുന്‍നിരയിലെത്തുക എന്നത്.

ബാഹുബലിയിലൂടെ പ്രഭാസാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. പാന്‍ ഇന്ത്യന്‍ റിലീസായ ബാഹുബലിയിലൂടെ പ്രഭാസ് ഇന്ത്യയൊട്ടാകെ വലിയ റീച്ച് നേടി. നോര്‍ത്ത് ഇന്ത്യന്‍ മാര്‍ക്കറ്റിലടക്കം സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് പ്രഭാസ് ഉയര്‍ന്നു. പ്രഭാസിന് ശേഷം ഇത്തരത്തില്‍ ഒരൊറ്റ സിനിമയിലൂടെ സ്റ്റാറായ നടനാണ് യഷ്. കെ.ജി.എഫ് എന്ന ചിത്രം യഷിന്റെയും കന്നഡ ഇന്‍ഡസ്ട്രിയുടെയും ഗതിമാറ്റിയെന്ന് തന്നെ പറയാം.

എന്നാല്‍ ബാഹുബലിക്കും കെ.ജി.എഫിനും ശേഷം പ്രഭാസിനും യഷിനും ആ സ്റ്റാര്‍ഡത്തോട് നീതി പുലര്‍ത്തുന്ന സിനിമകള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായ പല സിനിമകളും പരാജയമായിരുന്നു. ഇപ്പോഴിതാ യഷും ആ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Photo: screen grab/ kvn productions/ youtube.com

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടോക്‌സിക് ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ്. വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ടോക്‌സിക് ആദ്യ വീക്കെന്‍ഡില്‍ തന്നെ വാഷൗട്ടിന്റെ വക്കിലെത്തിയിരിക്കുകയാണ്. 600 കോടി ചെലവഴിച്ച് ഒരുക്കിയ ചിത്രം 400 കോടിയുടെ നഷ്ടമെങ്കിലും വരുത്തിവെക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഒറ്റ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായവുകയും തൊട്ടടുത്ത സിനിമ പരാജയമാവുകയും ചെയ്തതോടെ ‘ലോട്ടറി സ്റ്റാര്‍’ എന്നാണ് പ്രഭാസിനെയും യഷിനെയും ട്രോള്‍ പേജുകള്‍ വിമര്‍ശിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായ സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങള്‍ ബജറ്റ് പോലും തിരിച്ച് കിട്ടാതെയാണ് കളംവിട്ടത്.

ഈ ലിസ്റ്റില്‍ അടുത്തതായി അല്ലു അര്‍ജുന്‍ ഇടംപിടിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആന്ധ്രയിലും കേരളത്തിലും മാത്രം ഫാന്‍ ബേസ് ഉണ്ടായിരുന്ന അല്ലു അര്‍ജുന്‍ പുഷ്പയിലൂടെയാണ് പാന്‍ ഇന്ത്യന്‍ സ്റ്റാറായത്. പുഷ്പ 2ന് ശേഷം താരം രണ്ട് സിനിമകളാണ് അനൗണ്‍സ് ചെയ്തത്. അറ്റ്‌ലീക്കൊപ്പമുള്ള രാക്ക അവസാനഘട്ട ഷൂട്ടിലാണ്. ഈ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് സ്റ്റാറ്റസ് എന്താകുമെന്നറിയാനാണ് പലരും കാത്തിരിക്കുന്നത്. അടുത്ത ‘ലോട്ടറി സ്റ്റാറായി’ അല്ലു മാറില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Script selection of Yash and Prabhas after Pan Indian stardom discussing in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം