ലോകകപ്പില്‍ നിന്നും പിന്മാറിയ ബംഗ്ലാദേശിന് പകരം യൂറോപ്യന്‍ കരുത്തര്‍? അവസാന നിമിഷം വമ്പന്‍ ട്വിസ്റ്റോ?
T20 world cup
ലോകകപ്പില്‍ നിന്നും പിന്മാറിയ ബംഗ്ലാദേശിന് പകരം യൂറോപ്യന്‍ കരുത്തര്‍? അവസാന നിമിഷം വമ്പന്‍ ട്വിസ്റ്റോ?
ആദര്‍ശ് എം.കെ.
Thursday, 22nd January 2026, 8:47 pm

ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പിന്മാറ്റമാണ് ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്നത്. ബിഗ് ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ലോകകപ്പിനുള്ള സ്‌ക്വാഡ് അടക്കം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുവകളുടെ പിന്‍മാറ്റം അപ്രതീക്ഷിതമല്ലെങ്കിലും ഞെട്ടിക്കുന്നതായിരുന്നു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും തങ്ങളുടെ മത്സരങ്ങള്‍ ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്‌കരിച്ചത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകാനായിരുന്നു ഐ.സി.സിയുടെ കണക്കുകൂട്ടല്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം ഇന്ന് അറിയിക്കണമെന്നും ഐ.സി.സി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

വേദി മാറ്റില്ലെന്ന ഐ.സി.സിയുടെ കടുംപിടുത്തതിന് പിന്നാലെയാണ് ലോകകപ്പില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്.

താരങ്ങളുമായും സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുലുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ അമിനുള്‍ ഇസ്‌ലാമാണ് ലോകകപ്പില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്.

ബംഗ്ലാദേശ് ലോകകപ്പ് കളിക്കില്ലെങ്കില്‍ പകരമാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. യൂറോപ്യന്‍ കരുത്തരായ സ്‌കോട്‌ലാന്‍ഡാകും പകരം ലോകകപ്പിനെത്തുക എന്നാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശ് കളിക്കില്ലെങ്കില്‍ പകരം സ്‌കോട്‌ലാന്‍ഡിനെ ലോകകപ്പിന്റെ ഭാഗമാക്കുമെന്ന് ഐ.സി.സി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

ബുധനാഴ്ച നടന്ന ഐ.സി.സിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തിരുന്നു.

ഇന്ത്യയിലെ വേദികളില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണിയുമില്ലെന്ന സ്വതന്ത്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. 12 ബോര്‍ഡ് അംഗങ്ങളില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരും ടി-20 ലോകകപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വ്യക്തമാക്കി വോട്ട് ചെയ്തു.

ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സംഭവിച്ച ട്വിസ്റ്റുകളില്‍ ക്രിക്കറ്റ് ലോകം അന്തം വിട്ട് നില്‍ക്കുകയാണ്.

 

Content Highlight: Scotland to replace Bangladesh, who withdrew from World Cup, report

 

 

 

 

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.