ലോകകപ്പിലെ കന്നിക്കാരായ ഇറ്റലിയെ പരാജയപ്പെടുത്തി സ്‌കോട്‌ലാന്‍ഡ് ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിന്റെ വിജയമാണ് സ്‌കോട്‌ലാന്‍ഡ് നേടിയത്.
സ്‌കോട്ടിഷ് ആര്‍മി ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അസൂറികള്‍ 134ന് പുറത്തായി.
ഓപ്പണര്‍ ജോര്‍ജ് മന്‍സിയുടെ കരുത്തിലാണ് സ്‌കോട്ലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. 54 പന്തില്‍ നിന്നും 84 റണ്‍സാണ് താരം അടിച്ചെടുത്തത്. 18 പന്തില്‍ പുറത്താകാതെ 41 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ മാക്മുള്ളനും 30 പന്തില്‍ 37 റണ്‍സ് നേടിയ മൈക്കല്‍ ജോണ്‍സും തിളങ്ങി.
വെറും അഞ്ച് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും അടക്കം പുറത്താകാതെ 22 റണ്‍സ് നേടിയ മൈക്കല്‍ ലീസ്‌കിന്റെ ഇന്നിങ്‌സും സ്‌കോട്‌ലാന്‍ഡ് സ്‌കോര്‍ 200 കടക്കുന്നതില്‍ നിര്‍ണായകമായി.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്‌കോട്‌ലാന്‍ഡ് സ്വന്തമാക്കി. ടി-20 ലോകകപ്പുകളില്‍ ഒരു അസോസിയേറ്റ് ടീം സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ടോട്ടലിന്റെ റെക്കോഡാണ് സ്‌കോട്‌ലാന്‍ഡ് സ്വന്തമാക്കിയത്.
ടി-20 ലോകകപ്പുകളില്‍ ഒരു അസോസിയേറ്റ് ടീം സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ടോട്ടല്‍
(സ്‌കോര്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
207/4 – സ്‌കോട്‌ലാന്‍ഡ് – ഇറ്റലി – 2026*
197/3 – യു.എസ്.എ – കാനഡ – 2024
194/5 – കാനഡ – യു.എസ്.എ – 2024
193/4 – നെതര്‍ലന്‍ഡ്‌സ് – അയര്‍ലാന്‍ഡ് – 2014
അതേസമയം, തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ ഇറ്റലിക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ജസ്റ്റിന്‍ മോസ്‌കയെ നഷ്ടപ്പെട്ടു. മൈക്കല്‍ ലീസ്‌ക്കിന്റെ പന്തില്‍ ജോര്‍ജ് മന്‍സിക്ക് ക്യാച്ച് നല്‍കിയായിരുന്നു മോസ്‌ക പുറത്തായത്.
മൂന്നാം വിക്കറ്റില്‍ ഹാരി മനെന്റിയും ബെഞ്ചമിന്‍ മനെന്റിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ മടക്കി സ്‌കോട്‌ലാന്‍ഡ് മത്സരം കൈവിടാതെ കാത്തു.
Benjamin Manenti was one bright spot in an otherwise disheartening outing for Italy in its debut World Cup Match.
Well done Benjamin. pic.twitter.com/lNrp1RkIf7
ബെഞ്ചമിന്‍ മനെന്റി 31 പന്തില്‍ 52 റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ടി-20 ലോകകപ്പ് ചരിത്രത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇറ്റാലിയന്‍ താരമായും ബെഞ്ചമിന്‍ മാറി. 25 പന്തില്‍ 37 റണ്‍സ് നേടിയാണ് ഹാരി മടങ്ങിയത്.
പിന്നാലെയെത്തിയവര്‍ ഇരട്ടയക്കം കാണാതെയും പരിക്കേറ്റ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്സണ്‍ ആബ്സെന്റ് ഹര്‍ട്ടായും പുറത്തായതോടെ ഇറ്റലി 134ന് പോരാട്ടം അവസാനിപ്പിച്ചു.
Content Highlight: Scotland set the record of highest total by an associate team in T20 World Cups