കശ്മീരിലെ സ്‌കൂളുകളില്‍ പുസ്തക പരിശോധനയ്ക്ക് സര്‍ക്കാര്‍: 'വിവാദ' ഉള്ളടക്കം കണ്ടെത്താനെന്ന് വിശദീകരണം
national news
കശ്മീരിലെ സ്‌കൂളുകളില്‍ പുസ്തക പരിശോധനയ്ക്ക് സര്‍ക്കാര്‍: 'വിവാദ' ഉള്ളടക്കം കണ്ടെത്താനെന്ന് വിശദീകരണം
ആദർശ് എം.കെ.
Thursday, 9th July 2026, 8:43 pm

ശ്രീനഗര്‍: കാശ്മീരിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കോച്ചിങ് സെന്ററുകളിലും ലഭ്യമായ പുസ്തകങ്ങളില്‍ സമഗ്രമായ പരിശോധനയ്ക്ക് ഉത്തരവിട്ട് നടത്താന്‍ ജമ്മു കശ്മീര്‍ ഭരണകൂടം.

സ്‌കൂള്‍ ലൈബ്രറികള്‍, ഓഫീസുകള്‍, ക്ലാസ് മുറികള്‍, സ്റ്റാഫ് റൂമുകള്‍ എന്നിവിടങ്ങളിലെ പുതിയതും പഴയതുമായ എല്ലാ പുസ്തകങ്ങളും പരിശോധിച്ച് ആക്ഷേപകരമായ ഉള്ളടക്കം ഇല്ലെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശം. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതാണ് ഉത്തരവ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഘടനവാദ ആശയങ്ങളും രാജ്യവിരുദ്ധ ചിന്തകളും പ്രചരിപ്പിക്കുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഭരണകൂടത്തിന്റെ ഈ അടിയന്തര നടപടി.

പാഠ്യപദ്ധതി ദേശീയ താത്പര്യങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്താനും സാമൂഹിക അഖണ്ഡത നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

യുവതലമുറയിലേക്ക് വിവാദപരമായ രാഷ്ട്രീയ ആശയങ്ങള്‍ പടരുന്നത് തടയാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുസ്തകങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മതവികാരം വ്രണപ്പെടുത്തുന്നതോ, നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായതോ, ദേശീയ താത്പര്യങ്ങളെ ഹനിക്കുന്നതോ ആയ ഉള്ളടക്കം കണ്ടെത്തുക എന്നതാണ് ഈ പരിശോധനയുടെപധാന ലക്ഷ്യം. വിഘടനവാദത്തെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സാഹിത്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രചരിക്കുന്നത് തടയാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നാണ് സര്‍ക്കാര്‍ വാദം.

ഇത്തരത്തില്‍ ഏതെങ്കിലും ആക്ഷേപകരമായ ഉള്ളടക്കം കണ്ടെത്തിയാല്‍, പുസ്തകത്തിന്റെ പേര്, രചയിതാവ്, പ്രസാധകന്‍, പ്രസിദ്ധീകരിച്ച വര്‍ഷം തുടങ്ങിയ വിശദാംശങ്ങള്‍ ഏഴ് ദിവസത്തിനകം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കണം.

തങ്ങളുടെ സ്ഥാപനത്തില്‍ ആക്ഷേപകരമായ പുസ്തകങ്ങള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് സ്ഥാപന മേധാവികള്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കും.

വിഘടനവാദത്തെ മഹത്വവല്‍ക്കരിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ വിതരണം ചെയ്തുവെന്നാരോപിച്ചുള്ള ബി.ജെ.പി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

ഇതേത്തുടര്‍ന്ന് ‘പേഴ്‌സണാലിറ്റീസ് ആന്‍ഡ് ലെജന്‍ഡ്‌സ് ഓഫ് ജെ ആന്‍ഡ് കെ’ (Personalities and Legends of J&K), ‘ഗ്രേറ്റ് പേഴ്‌സണാലിറ്റീസ് ഓഫ് ജമ്മു ആന്‍ഡ് കശ്മീര്‍’ (Great Personalities of Jammu and Kashmir) എന്നീ രണ്ട് പുസ്തകങ്ങള്‍ ഭരണകൂടം പിന്‍വലിച്ചിരുന്നു.

കൂടാതെ, 2025 ഓഗസ്റ്റില്‍ അരുന്ധതി റോയ്, എ.ജി. നൂറാനി തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെ 25 പുസ്തകങ്ങള്‍ വിഘടനവാദം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഭരണകൂടം നിരോധിച്ചിരുന്നു.

ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ രാഷ്ട്രീയ രംഗത്തുനിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചരിത്രത്തെയും അക്കാദമിക് സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എം.പി ആഗ സയ്യിദ് റുഹുല്ല മെഹ്ദി പറഞ്ഞു.

ചരിത്രത്തെ പാഠ്യപദ്ധതിയില്‍ നിന്ന് മായ്ച്ചുകളയാനും സമൂഹത്തിന്റെ കൂട്ടായ ഓര്‍മകളെ മാറ്റിയെഴുതാനുമുള്ള ശ്രമമാണിതെന്ന് പി.ഡി.പി നേതാവ് വഹീദ് പാര ആരോപിച്ചു.

 

Content highlight: Schools in Kashmir have been instructed to examine all books to identify objectionable content.

 

 

 

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.