ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂള്‍ സമയം 8മണിക്ക്; സമയമാറ്റ ചര്‍ച്ചയില്‍ മതപണ്ഡിതന്മാര്‍ പുനര്‍വിചിന്തനം നടത്തണം: എ.എന്‍. ഷംസീര്‍
Kerala
ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂള്‍ സമയം 8മണിക്ക്; സമയമാറ്റ ചര്‍ച്ചയില്‍ മതപണ്ഡിതന്മാര്‍ പുനര്‍വിചിന്തനം നടത്തണം: എ.എന്‍. ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2025, 3:56 pm

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റ ചര്‍ച്ചയില്‍ മതപണ്ഡിതന്മാര്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ എട്ട് മണിക്കാണ് സ്‌കൂള്‍ ആരംഭിക്കുന്നതെന്നും ഇവിടെ മാത്രം പത്ത് മണിക്ക് വേണമെന്ന് വാശിപ്പിടിക്കുന്നത് എന്തിനാണെന്നും ഷംസീര്‍ ചോദിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ മദ്രസാപഠനമില്ലേ എന്നും അദ്ദേഹം ചോദിച്ചു. മതവിദ്യാഭ്യാസത്തിനോ മതപഠനത്തിനോ മതപരമായ ആചാരങ്ങള്‍ക്കോ തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മള്‍ മാറണമെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂളില്‍ പത്ത് മണി മുതല്‍ നാല് മണിവരെ എന്ന തിയറി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

‘രാവിലെ എഴുന്നേല്‍ക്കുന്ന കുട്ടി എട്ട് മണിക്ക് പഠിക്കാന്‍ പോകുന്നു. ഉച്ച ഒരുമണിക്ക് മുമ്പായി അവരുടെ ക്ലാസ് അവസാനിക്കുന്നു. നിങ്ങള്‍ അവരെ ഉച്ചക്ക് ശേഷം ഭക്ഷണം കൊടുത്ത് കളിക്കാന്‍ വിടൂ. പിന്നെ മതപഠനം നടത്താം. മദ്രസയില്‍ പോയിക്കോട്ടേ,’ എ.എന്‍. ഷംസീര്‍ പറയുന്നു.

പത്ത് മണി മാത്രമേ പറ്റൂുകയുള്ളൂ എന്ന് വാശിപിടിക്കുന്ന രീതിയേ കുറിച്ച് മതപണ്ഡിതന്മാര്‍ പുനര്‍വിചിന്തനത്തിന് വിധേയമാകണമെന്ന അഭിപ്രായം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശരാഷ്ട്രങ്ങളില്‍ പോലും എട്ട് മണിക്കും ഏഴരമണിക്കും ക്ലാസ് തുടങ്ങുമ്പോള്‍ എന്തുകൊണ്ട് ഇവിടെ മാത്രം പത്ത് മണിക്ക് വേണമെന്ന് വാശിപ്പിടിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചു.

സംസ്ഥാനത്തെ അധിക സമയക്രമീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് ടൈംടേബിള്‍ പുനക്രമീകരിച്ചിരുന്നു. പുതിയ ക്രമീകരണ പ്രകാരം രാവിലെ 9:45 മുതല്‍ 4:15 വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. ആദ്യ പിരീഡ് രാവിലെ 9:45 മുതല്‍ 10:30 വരെയാക്കിയായി മാറ്റുകയും അവസാന പിരീഡ് 3:45 മുതല്‍ 4:15 വരെയാക്കുകയുമാണ് ചെയ്തത്.

Content highlight: School time in Gulf countries is at 8 am; Religious scholars should reconsider the time change discussion: A.N. Shamseer