ഹര്‍ത്താല്‍ ദിനം പോലും 739 കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തതായി രേഖ; സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അധ്യാപകന്റെ തട്ടിപ്പ്
Kerala News
ഹര്‍ത്താല്‍ ദിനം പോലും 739 കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തതായി രേഖ; സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അധ്യാപകന്റെ തട്ടിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th July 2021, 9:32 am

പാലക്കാട്: പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ അധ്യാപകന്‍ തിരിമറി നടത്തിയതായി കണ്ടെത്തല്‍. പാലക്കാട് പത്തിരിപ്പാല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പ്രശാന്ത് എന്ന അധ്യാപകന്‍ അഞ്ചു കൊല്ലത്തോളം വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടത്തിയ വിവരം പുറത്ത് വന്നത്. ഉച്ച ഭക്ഷണത്തിന്റെ പേരില്‍ 2013 മുതല്‍ 2018 വരെ തട്ടിപ്പ് നടത്തിയതായാണ് കമ്മീഷന്‍ കണ്ടെത്തിയത്. 25 ലക്ഷം രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്.

ഹര്‍ത്താല്‍ ദിനത്തില്‍ പോലും 739 കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തെന്നാണ് രേഖകള്‍. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ബില്ലുകളാണ് അരിയും പലവ്യഞ്ജനങ്ങളുമൊക്കെ വാങ്ങിയതിന് നല്‍കിയ ബില്ലുകളിലുള്ളതെന്നും കമ്മീഷന്‍ കണ്ടെത്തി. വെളിച്ചെണ്ണ വാങ്ങിയതിന് നല്‍കിയത് പാലക്കാട് നിന്നും നൂറ് കിലോമീറ്റര്‍ ദൂരമുള്ള അങ്കമാലിയിലെ കടയിലെ ബില്ലാണ്.

ഉച്ചഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ പ്രശാന്തിന് ക്രമക്കേടില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല.

തുടര്‍ന്ന് പി.ടി.എ. ഭാരവാഹികളാണ് സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കിയത്.

കമ്മീഷന്‍ അംഗം അജയകുമാറിന്റെ നേതൃത്വത്തിലാണ് സ്‌കൂളില്‍ തെളിവെടുപ്പ് നടത്തിയത്. ആരോപണ വിധേയനായ അധ്യാപകന്‍ പ്രശാന്ത്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, സ്‌കൂളിലേക്ക് സാധനങ്ങള്‍ നല്‍കിയ കച്ചവടക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുത്തു.

ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കാത്തതിലും പരിശോധിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അധ്യാപകന്‍ പ്രശാന്ത് നിഷേധിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: School teacher found fraud in school mid day meal programme