തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; ചികിത്സ തേടിയത്‌ 50 ഓളം വിദ്യാര്‍ത്ഥികള്‍
Kerala News
തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; ചികിത്സ തേടിയത്‌ 50 ഓളം വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th June 2025, 8:11 pm

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി ഗവ. എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണവും പാലും കഴിച്ചിരുന്നു. കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് നാളെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അമ്പതോളം വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നാനൂറോളം വിദ്യാര്‍ത്ഥികളാണ് ദിവസേന സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കാറുള്ളത്. ആശുപത്രിയില്‍ അഡ്മിറ്റഡായ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേ ഭക്ഷണമാണ് കഴിച്ചതെന്നും സ്‌കൂളിലെ അധ്യാപിക പ്രതികരിച്ചു. ഭക്ഷണം പാചകം ചെയ്യാനുള്ള അരിയൊഴികെ ബാക്കിയുള്ള സാധനങ്ങള്‍ എല്ലാം അതത് ദിവസമാണ് വാങ്ങാറുള്ളതെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.

അതേസമയം മെഡിക്കല്‍ ഓഫീസറായ ടോണി ആളൂരിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

എരുമപ്പട്ടി പൊലീസിന്റേയും പഞ്ചായത്തിന്റേയും നേതൃത്വത്തിലും അന്വേഷണം നടത്തുന്നുണ്ട്. ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിച്ചെങ്കിലും ഏത് ഭക്ഷണവസ്തുവില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.

Content Highlight: School students in Thrissur suffer from food poisoning; around 50 students seek treatment