സോഷ്യല്‍ മീഡിയയാകെ ഇളക്കി മറിക്കുന്ന ഒരു ഡാന്‍സ് വീഡിയോയാണ് പല പേജുകളിലെയും ചര്‍ച്ച. സ്‌കൂളിലെ പരിപാടിക്ക് സ്റ്റേജില്‍ കയറി ഡാന്‍സ് ചെയ്യുന്ന വിദ്യാര്‍ത്ഥി പലരുടെയും മനം കവരുന്നുണ്ട്. ബോളിവുഡ് ചിത്രമായ വാര്‍ 2വിലെ ‘ജനാബ് ഇ അലി’ എന്ന ഗാനത്തിനാണ് വിദ്യാര്‍ത്ഥി അതിമനോഹരമായി ചുവടുവെച്ചത്.
യാതൊരു സ്‌റ്റേജ് ഫിയറുമില്ലാതെ അനായാസമായിട്ടാണ് ഡാന്‍സ് ചെയ്യുന്നത്. ആദ്യാവസാനം അപാര എനര്‍ജിയോടെ ഡാന്‍സ് ചെയ്യുന്ന വീഡിയോ പല പേജുകളിലും വൈറലായിക്കഴിഞ്ഞു. ഒറിജിനലിനോടൊപ്പം കട്ടക്ക് നില്‍ക്കുന്ന പെര്‍ഫോമന്‍സാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഒറിജിനല്‍ സോങ്ങില്‍ ഹൃതിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറും ആടിത്തിമിര്‍ത്ത ഗാനം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ഹൃതിക് റോഷന്‍ കാണുന്നതുവരെ ഈ വീഡിയോ ഷെയര്‍ ചെയ്യുക എന്ന ക്യാപ്ഷനോടെയാണ് പലരും പങ്കുവെക്കുന്നത്. ഹൃതികിനെയും എന്‍.ടി.ആറിനെയും പലരും കമന്റ് ബോക്‌സില്‍ ടാഗ് ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ദേവര എന്ന ചിത്രത്തിലെ ‘വാദീ രേ’ എന്ന ഗാനത്തിന് സഹപാഠികള്‍ക്കൊപ്പം ചുവടുവെക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. ഒപ്പമുള്ളവരെക്കാള്‍ മികച്ച രീതിയില്‍ അപാര എനര്‍ജിയോടെ ഡാന്‍സ് ചെയ്ത വിദ്യാര്‍ത്ഥിയുടെ വീഡിയോക്ക് എന്‍.ടി.ആര്‍ കമന്റ് പങ്കുവെച്ചതും വലിയ വാര്‍ത്തയായി മാറി.
ഇപ്പോള്‍ വൈറലായി മാറിയ വിഡീയോയും സെലിബ്രിറ്റികളുടെ ശ്രദ്ധയില്‍ പെടുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. സ്‌കൂളിലെ ചെറിയ പരിപാടിക്ക് അവതരിപ്പിച്ച ഡാന്‍സ് ഇത്രക്ക് റീച്ച് നേടുമെന്ന് ആരും കരുതിയില്ലെന്നാണ് കമന്റ് ബോക്‌സുകളില്‍ അഭിപ്രായപ്പെടുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ എക്‌സില്‍ കണ്ടുകഴിഞ്ഞു.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്ന നടന്മാരെന്ന് പലരും അഭിപ്രായപ്പെടുന്നവരാണ് ഹൃതിക് റോഷനും ജൂനിയര്‍ എന്‍.ടി ആറും. ഇരുവരും കട്ടക്ക് പിടിച്ചുനിന്ന ഡാന്‍സ് വീഡിയോ ഒറ്റക്ക് പെര്‍ഫോം ചെയ്ത കൊച്ചു കുട്ടി സോഷ്യല്‍ മീഡിയയെ ഒന്നാകെ കൈയിലെടുത്തിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോയുടെ ഏത് സ്‌കൂളില്‍ വെച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.