ഗസ: അഭയാർത്ഥി ക്യാമ്പാക്കി മാറ്റിയ ഗസയിലെ സ്കൂളിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ക്ലാസ് മുറിയിലുണ്ടായ തീപിടുത്തത്തിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടുന്ന പെൺകുട്ടിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
ഗസ: അഭയാർത്ഥി ക്യാമ്പാക്കി മാറ്റിയ ഗസയിലെ സ്കൂളിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ക്ലാസ് മുറിയിലുണ്ടായ തീപിടുത്തത്തിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടുന്ന പെൺകുട്ടിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
ഫഹ്മി അൽ-ജർഗാവി ഗേൾസ് സ്‌കൂളിലാണ് ഇസ്രഈൽ ആക്രമണം നടത്തിയത്. കത്തുന്ന ക്ലാസ് മുറിയിൽ നിന്ന് ഒരു പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ടെലിഗ്രാമിൽ പ്രചരിക്കുന്ന 11 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പിൽ കാണാം.
രാത്രി വൈകിയായിരുന്നു ക്യാമ്പിന് നേരെ ഇസ്രഈൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ കുട്ടികളുൾപ്പെടെ 31 പേരുടെ ഗുരുതരമായി പൊള്ളലേറ്റ മൃതദേഹങ്ങൾ കണ്ടെടുത്തതായി ആരോഗ്യ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീഡിയോയിൽ പ്രത്യക്ഷപ്പെട്ട കുട്ടി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോ എന്ന് വ്യക്തമല്ല.
സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 18 കുട്ടികളും ഉൾപ്പെടുന്നതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ആകെ 35 പേരാണ് കൊല്ലപ്പെട്ടത്. ഹമാസും ഫലസ്തീൻ ജിഹാദ് പ്രസ്ഥാനവും സ്കൂൾ ഒരു രഹസ്യാന്വേഷണ കേന്ദ്രമായി ഉപയോഗിച്ചുവെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു ഇസ്രഈൽ സൈന്യത്തിന്റെ വാദം.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഗസയിലെ 200 ലധികം സ്ഥലങ്ങൾ ആക്രമിച്ചതായി ഇസ്രഈൽ സൈന്യം അറിയിച്ചിരുന്നു. ഭീകരർ, ആയുധ ഡിപ്പോകൾ, സ്‌നൈപ്പർ, ടണൽ ഷാഫ്റ്റുകൾ, മറ്റ് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയായിരുന്നു തങ്ങളുടെ ലക്ഷ്യങ്ങൾ എന്നായിരുന്നു ഇസ്രഈൽ സൈന്യത്തിന്റെ അവകാശവാദം.
കഴിഞ്ഞ ദിവസം ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ-തഹ്‌രിർ ആശുപത്രിയിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റായ ഡോ. അലാ അൽ-നജ്ജാറിന്റെ പത്ത് കുട്ടികളിൽ ഒമ്പത് പേരും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഹംദി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.
Content Highlight: Scenes of horror in Gaza as Palestinian child tries to escape the flames after school attack