10 വര്‍ഷത്തിനിടെ പിയൂഷ് ഗോയലിന്റെ ഭാര്യയുടെ കമ്പനി ഉണ്ടാക്കിയത് 3000 മടങ്ങ് ലാഭം; റെയില്‍വേ മന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
National
10 വര്‍ഷത്തിനിടെ പിയൂഷ് ഗോയലിന്റെ ഭാര്യയുടെ കമ്പനി ഉണ്ടാക്കിയത് 3000 മടങ്ങ് ലാഭം; റെയില്‍വേ മന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2018, 10:08 am

ന്യൂദല്‍ഹി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. പിയൂഷ് ഗോയലിന്റെ ഭാര്യ സീമയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭം കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 3000 ഇരട്ടിയായി വര്‍ധിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ആരോപണവുമായി രംഗത്തെത്തിയത്.

കമ്പനിയുമായി ഗോയലിന് അടുത്ത ബന്ധമുണ്ടെന്നും ഷിര്‍ദി ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുകേഷ് ബന്‍സാലും രാകേഷ് അഗര്‍വാളുമായി ചേര്‍ന്ന് 650 കോടിയുടെ ബാങ്ക് വായ്പ തരപ്പെടുത്തിയിരുന്നെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 2010 വരെ ഷിര്‍ദി ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായിരുന്നു ഗോയല്‍.


Also Read:  ‘ഇത് ആരാധനയുടെ മറ്റൊരു രൂപം’; ധോണിയെ കാണാന്‍ ആരാധന മൂത്ത് കിഡ്‌നാപ്പിങ്ങ് സ്റ്റോറി മെനഞ്ഞ് പതിനഞ്ചുകാരന്‍ താണ്ടിയത് കിലോമീറ്ററുകള്‍


2005ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയുടെ പെയ്ഡ് അപ് കാപ്പിറ്റല്‍ ഒരു ലക്ഷം രൂപയായിരുന്നു. 30 കോടി രൂപ ലാഭമാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്. പിയൂഷ് ഗോയലും സീമയുമാണ് ഇന്റര്‍കോണ്‍ അഡൈ്വസേഴ്സിന്റെ ഉടമസ്ഥര്‍.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് മേയ് 2014 മേയ് 13നാണ് പിയൂഷ് ഗോയല്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജി വച്ചത്. ഓഹരികളെല്ലാം ഭാര്യയുടെ പേരിലേയ്ക്ക് മാറ്റുകയായിരുന്നു.


Also Read:  ഖത്തറിനെ ദ്വീപാക്കി ‘മുറിച്ച് മാറ്റി’ ഒറ്റപ്പെടുത്താന്‍ സൗദി അറേബ്യയുടെ പദ്ധതി


“നിലവില്‍ സീമ ഗോയലിന് 9999 ഓഹരികളും ഇവരുടെ മകന്‍ ധ്രുവ് ഗോയലിന് ഒരു ഓഹരിയുമാണുള്ളത്. 100 ശതമാനവും ഇത് പിയൂഷ് ഗോയല്‍ കുടുംബത്തിന്റെ കമ്പനിയാണ്” പവന്‍ ഖേര പറഞ്ഞു.

2007-08, 2008-09, 2014-15, 2015-16, 2016-17 വര്‍ഷങ്ങളില്‍ വരുമാന സ്രോതസ് പൂര്‍ണമായും ഇന്റര്‍കോണ്‍ അഡൈ്വസേഴ്സ് വെളിപ്പെടുത്തിയിട്ടില്ല. കണ്‍സള്‍ട്ടന്‍സി ഫീ, ഷോര്‍ട്ട് ടേം കാപ്പിറ്റല്‍ ഗെയിന്‍സ്, പ്രൊഫിറ്റ് ഓണ്‍ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് എന്നിങ്ങനെയെല്ലാം പറഞ്ഞ് വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കാതെ പോവുകയാണ്. സാധാരണ ബിസിനസ് ആക്ടിവിറ്റികളെക്കുറിച്ച് പറയുന്നില്ല. ഖേര പറയുന്നു.

എന്നാല്‍ ആരോപണങ്ങളെ ബി.ജെ.പി തള്ളി.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

Watch This Video: