'ബുള്‍ഡോസര്‍ നീതി': ഭരണകൂടമാണോ കോടതി?; തടയാനായതില്‍ സന്തോഷമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
India
'ബുള്‍ഡോസര്‍ നീതി': ഭരണകൂടമാണോ കോടതി?; തടയാനായതില്‍ സന്തോഷമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2025, 5:04 pm

പനാജി: ‘ബുള്‍ഡോസര്‍ നീതി’ക്ക് എതിരായ സുപ്രീംകോടതി പരാമര്‍ശത്തില്‍ സന്തുഷ്ടനെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്.

നിയമം പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തലിന് എതിരായ പരമോന്നത കോടതിയുടെ വാക്കുകള്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞവര്‍ഷം ബുള്‍ഡോസര്‍ നീതിക്ക് എതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിത സുപ്രീംകോടതി ബെഞ്ചിലെ അംഗം കൂടിയായിരുന്നു ബി.ആര്‍ ഗവായ്.

ഭരണകൂടം തന്നെ ജഡ്ജിയായി മാറി കുറ്റാരോപിതനെ കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് വീടുകള്‍ തകര്‍ക്കുന്നതിന് എതിരെയായിരുന്നു അന്ന് അദ്ദേഹമുള്‍പ്പെട്ട ബെഞ്ചിന്റെ പരാമര്‍ശം.

നിയമം പാലിക്കാതെ വീട് ഇടിച്ചുനിരത്തപ്പെട്ട പൗരന്മാരുടെ അവകാശത്തെ സംരക്ഷിക്കാനായതില്‍ ഭരണഘടനയുടെ രക്ഷാധികാരികളെന്ന നിലയില്‍ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പനാജിയില്‍ പറഞ്ഞു. കോടതി വിചാരണ നടത്താത്ത കേസുകളിലെ കുറ്റാരോപിതരുടെ വീടുകള്‍ പോലും ഇടിച്ചുനിരത്തപ്പെട്ടു.

ഒരു വീടെന്നാല്‍ കുറ്റാരോപിതന്റേത് മാത്രമല്ല, അവിടെ മറ്റ് കുടുംബാംഗങ്ങളും താമസിക്കുന്നുണ്ടാകും, ഒരു തെറ്റും ചെയ്യാതെ അവര്‍കൂടി ശിക്ഷ അനുഭവിക്കുന്ന സാഹചര്യമാണ് ബുള്‍ഡോസര്‍ നീതിയിലൂടെ സംഭവിക്കുന്നതെന്നും ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാണിച്ചു.

ഒരു വ്യക്തി കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും ആ വ്യക്തി നിയമവാഴ്ചയ്ക്ക് അര്‍ഹനാണെന്നും അദ്ദേഹം വിശദീകരിച്ചു. നിയമവാഴ്ചയാണ് രാജ്യത്തേറ്റവും പരമപ്രധാനമായത്.

ഈ സാഹചര്യത്തില്‍ ബുള്‍ഡോസര്‍ നീതിയില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനായതിലും ഭരണകൂടം കോടതിയായി മാറുന്നതിനെ തടയാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഗോവ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു ചരിത്രപ്രധാനമായ ഇടപെലിനെ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് സംസാരിച്ചത്.

Content Highlight: SC judgment on house demolitions of accused persons reaffirmed citizens’ rights: CJI Gavai