മുംബൈ: ആര്‍.എസ്.എസ് നേതാവ് വി.ഡി. സവര്‍ക്കറെ സംബന്ധിച്ച പരാമര്‍ശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയില്‍ ഹാജരാക്കിയത് ഒഴിഞ്ഞ സി.ഡി.
പൂനെയിലെ എം.പി/എം.എല്‍.എ കോടതിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ പ്രധാന തെളിവായി സി.ഡി ഹാജരാക്കിയത്. എന്നാല്‍ സി.ഡിയില്‍ നിന്ന് കോടതിയ്ക്ക് ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ ഇതേ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ് അയച്ചതെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ സന്‍ഗ്രാം കോല്‍ഹക്ടര്‍ വാദിച്ചു. സി.ഡിയിലെ വിവരങ്ങള്‍ കോടതി നേരത്തെ പരിശോധിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൂടാതെ സി.ഡി ശൂന്യമാണെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ കാണണമെന്നും സന്‍ഗ്രാം നിര്‍ദേശിച്ചു. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.
ഇന്ത്യന്‍ തെളിവ് നിയമത്തിലെ സെക്ഷന്‍ 65-ബി സര്‍ട്ടിഫിക്കറ്റ് പിന്തുണയ്ക്കുന്ന യു.ആര്‍.എല്‍ അല്ലാത്തതിനാല്‍ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ കണ്ടെന്റുകള്‍ കോടതിയില്‍ സ്വീകാര്യമല്ലെന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മിലിന്ദ് ദത്താത്രേയ പവാറും പറഞ്ഞു.
പിന്നാലെ സന്‍ഗ്രാം മറ്റ് രണ്ട് സി.ഡികള്‍ കൂടി ഹാജരാക്കി. ശേഷം ഈ സി.ഡികള്‍ തുറന്ന കോടതിയില്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെയും പവാര്‍ എതിര്‍ത്തു.
കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെക്കുകയും ചെയ്തു.