സവര്‍ക്കര്‍ പുരസ്‌കാരം: ഒരു മാസം മുമ്പ് തരൂരിനെ വിവരം അറിയിച്ചിരുന്നു; വീട്ടില്‍ പോയും ക്ഷണിച്ചു: സംഘപരിവാര്‍ സംഘടന
India
സവര്‍ക്കര്‍ പുരസ്‌കാരം: ഒരു മാസം മുമ്പ് തരൂരിനെ വിവരം അറിയിച്ചിരുന്നു; വീട്ടില്‍ പോയും ക്ഷണിച്ചു: സംഘപരിവാര്‍ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 6:01 pm

ന്യൂദല്‍ഹി: സംഘപരിവാര്‍ സംഘടന നല്‍കുന്ന പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെ എന്ന ശശി തരൂര്‍ എം.പിയുടെ വാദം തള്ളി എച്ച്.ആര്‍.ഡി.എസ്. പുരസ്‌കാരം നല്‍കുന്ന സംഘപരിവാര്‍ സംഘടനയാണ് എച്ച്.ആര്‍.ഡി.എസ്.

ഒരു മാസം മുമ്പ് പുരസ്‌കാരത്തെ കുറിച്ച് തരൂരിനെ അറിയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തി നേരിട്ടും വിവരമറിയിച്ചു. ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

രണ്ടാഴ്ച മുമ്പ് പുരസ്‌കാരത്തെ കുറിച്ച് തീരുമാനമെടുത്ത ജൂറി ചെയര്‍മാന്‍ റിട്ട. ഐ.എ.എസ് ഉദ്യേഗസ്ഥന്‍ രവികാന്ത് തരൂരിനെ വീട്ടിലെത്തി കണ്ടിരുന്നു. സവര്‍ക്കര്‍ പുരസ്‌കാരത്തിന് അര്‍ഹരമായ മറ്റ് വ്യക്തികളെ കുറിച്ചും തരൂര്‍ ചോദിച്ചറിഞ്ഞിരുന്നു. ഈ വിഷയം അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു പ്രശ്‌നവും ഉന്നയിച്ചിരുന്നില്ല.

പുരസ്‌കാരം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമ്മതവുമറിയിച്ചിരുന്നു. ഇതുവരെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക അറിയിപ്പും തരൂരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല.

കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തിന് സമ്മര്‍ദം നേരിടേണ്ടി വന്നേക്കാമെന്നും പുരസ്‌കാരം നല്‍കുന്ന എച്ച്.ആര്‍.ഡി.എസ് എന്‍.ജി.ഒയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു.

It was a lot of hard work to become an MP, it takes a lot of thought to make a decision; Tharoor

ശശി തരൂര്‍ എം.പി Photo: shashitharoor/fb.com

എന്നാല്‍ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പുരസ്‌കാര പ്രഖ്യാപനത്തെ കുറിച്ച് അറിഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ വാദം. ഇന്നലെയാണ് പ്രഖ്യാപനത്തെ കുറിച്ച് അറിഞ്ഞതെന്ന് തരൂര്‍ ബുധനാഴ്ച എക്‌സിലൂടെ പ്രതികരിച്ചിരുന്നു.

തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണുമ്പോള്‍ ഈ പുരസ്‌കാരത്തെ കുറിച്ച് സവര്‍ക്കര്‍ അവാര്‍ഡിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. പുരസ്‌കാരം താന്‍ സ്വീകരിക്കില്ല. സ്വീകരിക്കുമെന്ന് താന്‍ അറിയിക്കാത്ത പക്ഷം തന്റെ പേര് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത് സംഘാടകരുടെ നിരുത്തരവാദപരമായ നടപടിയാണെന്നും തരൂര്‍ വിശദീകരിച്ചിരുന്നു.

ഇന്ന് (ബുധന്‍) ദല്‍ഹിയില്‍ നടക്കാനിരുന്ന പരിപാടിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു മുഖ്യാതിഥിയെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.

എന്നാല്‍ ഇങ്ങനെയൊരു പരിപാടിയെ കുറിച്ച് അറിയില്ലെന്നും ഇന്ന് ലിസ്റ്റ് ചെയ്ത പരിപാടികളില്‍ എച്ച്.ആര്‍.ഡി.എസിന്റെ പുരസ്‌കാരദാന ചടങ്ങില്ലെന്നും രാജ്നാഥ് സിങ്ങിന്റെ ഓഫീസ് അറിയിക്കുകയും ചെയ്തിരുന്നു.

നേരത്തെ സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കാനുള്ള തരൂരിന്റെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Savarkar Award: Tharoor was informed about it a month ago; invited to his home: Sangh Parivar organization