ഏറെ നിരൂപക പ്രശംസ നേടി മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ പിറന്ന ചിത്രം തിയേറ്ററില്‍ വിജയ കുതിപ്പ് തുടരുകയാണ്. സന്ദീപ് പ്രദീപ് നായകവേഷത്തിലെത്തിയ ചിത്രം ഇതിനോടകം അന്യ ഭാഷകളിലും ചര്‍ച്ചാ വിഷയമാകുന്നുണ്ട്.
ചിത്രത്തില്‍ കുര്യച്ചന്‍ എന്ന കഥാപാത്രമായെത്തിയത് ബോളിവുഡ് നടനും ആക്ടിങ് ട്രെയ്‌നറുമായ സൗരഭ് സച്ച്‌ദേവാണ്. ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ എക്കോ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സൗരഭ്.
എക്കോ വളരെ നല്ല ഒരു സിനിമയാണെന്നും ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനും സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഭാഗമായി മുംബൈയില്‍ നടന്ന പ്രീമിയറിലായിരുന്ന താരത്തിന്റെ പ്രതികരണം.
‘ ചിത്രത്തിന്റെ സംഗീതം കഥയെ വളരെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ബാഹുല്‍ തിരക്കഥ എഴുതുന്ന രീതിയും ശരിക്കും ശ്രദ്ധേയമാണ്. ഇതുവരെ ഞാന്‍ കണ്ടതില്‍ മികച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരുടെയും അഭിനയം മാത്രമല്ല, ചിത്രത്തിന്റെ കഥ തന്നെ വളരെ മനോഹരമാണ്,’ സൗരഭ് പറഞ്ഞു.
കുര്യച്ചന്‍ ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രമാണെന്നും പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പ്രേക്ഷകര്‍ തന്നെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കഥാപാത്രത്തെ കുറിച്ച് എന്തെങ്കിലും കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് സ്വയം കണ്ടത്താനുള്ള അവസരം നഷ്ടപ്പെടുമെന്നും സൗരഭ് കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട്, ആരാണ് എന്നീ ചോദ്യങ്ങള്‍ അവരുടെ മനസില്‍ വരണെന്നും അദ്ദേഹം പറഞ്ഞു.