ലോകകപ്പിന് മുമ്പായി സൗദി അറേബ്യ മദ്യനിരോധനം പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സൗദി ഉദ്യോഗസ്ഥര്‍
World News
ലോകകപ്പിന് മുമ്പായി സൗദി അറേബ്യ മദ്യനിരോധനം പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സൗദി ഉദ്യോഗസ്ഥര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th May 2025, 7:06 pm

റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ മദ്യനിരോധനം പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യവില്‍പ്പന അനുവദിക്കാന്‍ സൗദി പദ്ധതിയിടുന്നതായി നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.

2034ലെ ഫുട്‌ബോള്‍ ലോകകപ്പിനാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുക. ഇതിന് മുന്നോടിയായി 2026ഓടെ രാജ്യത്ത് മദ്യത്തിനുള്ള വിലക്ക് ഭാഗികമായി നീക്കി തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് 600 ഓളം വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വീര്യം കുറഞ്ഞ മദ്യമായ ബിയര്‍ വൈന്‍, സൈഡര്‍ എന്നിവ വില്‍പ്പന നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

ഈ അവകാശവാദങ്ങള്‍ക്ക് പ്രധാനപ്പെട്ട അധികാരികളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്ന് ഒരു സൗദി ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. 2034ലെ വേള്‍ഡ്കപ്പ് സ്റ്റാന്‍ഡുകളില്‍ മദ്യം ലഭ്യമാകില്ലെന്ന് യു.കെയിലെ സൗദി അറേബ്യ അംബാസഡര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ പറഞ്ഞിരുന്നു.

എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമുണ്ടെന്നും തങ്ങളുടെ രാജ്യത്ത്‌ ആളുകളെ ഉള്‍ക്കൊള്ളുന്നതില്‍ സന്തോഷമുണ്ടെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി ഞങ്ങളുടെ സംസ്‌കാരം മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ല്‍ ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കാന്‍ അനുവദിച്ചില്ലെങ്കിലും പ്രത്യേക ഫാന്‍ സോണുകളില്‍ വില്‍പ്പന അനുവദിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം റിയാദില്‍ ആദ്യത്തെ മദ്യശാല തുറന്നെങ്കിലും അത് മുസ്‌ലിങ്ങളല്ലാത്ത നയതന്ത്രജ്ഞര്‍ക്ക് മദ്യം നല്‍കുന്നതിന് മാത്രമായിരുന്നു. 73 വര്‍ഷമായി സൗദി അറേബ്യയില്‍ മദ്യത്തിന് വിലക്ക് നേരിടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മറ്റ് പല നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.

വിഷന്‍ 2030 ആരംഭിച്ചതിന് ശേഷം രാജ്യത്ത് മ്യൂസിക്, ഫാഷന്‍ ഷോകള്‍ നിയമവിധേയമാക്കുകയും സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനും കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള നിരോധനം നീക്കുകയും ചെയ്തു.

Content Highlight: Saudi officials deny reports that Saudi Arabia may lift alcohol ban before World Cup