ഇസ്രഈലി മാധ്യമപ്രവര്‍ത്തകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചു; സൗദി പൗരന്‍ അറസ്റ്റില്‍
World News
ഇസ്രഈലി മാധ്യമപ്രവര്‍ത്തകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചു; സൗദി പൗരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd July 2022, 9:17 am

റിയാദ്: അമുസ്‌ലിങ്ങള്‍ക്ക് പ്രവേശനവിലക്കുള്ള മക്കയിലെ സ്ഥലങ്ങളിലേക്ക് ഒളിച്ചുകടക്കാന്‍ ഇസ്രഈലി മാധ്യമപ്രവര്‍ത്തകനെ സഹായിച്ച സൗദി പൗരന്‍ അറസ്റ്റില്‍. മക്കയിലെ പ്രാദേശിക പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇസ്‌ലാം മതവിശ്വാസപ്രകാരം പുണ്യനഗരമായി കണക്കാക്കുന്ന മക്കയിലെ പ്രദേശങ്ങളിലേക്ക് വിലക്ക് ലംഘിച്ചുകൊണ്ട് കടക്കാന്‍ അമുസ്‌ലിം മാധ്യമപ്രവര്‍ത്തകനെ സഹായിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

മക്കയിലെ പ്രാദേശിക പൊലീസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മുസ്‌ലിം ഇതര മതത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകനെ മക്കയിലേക്ക് കടക്കുന്നതിനും അദ്ദേഹത്തിന്റെ യാത്രക്കും കൂട്ടുനിന്നതായി ആരോപിച്ചാണ് അറസ്റ്റ്. ഇദ്ദേഹത്തെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മക്കയിലെ പ്രാദേശിക പൊലീസ് വക്താവ് പറഞ്ഞതായി സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമപ്രവര്‍ത്തകനെതിരെയും നിയമങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇസ്രഈലി മാധ്യമമായ ചാനല്‍ 13ലെ വേള്‍ഡ് ന്യൂസ് എഡിറ്ററായ ഗില്‍ തമാരിയായിരുന്നു ദീര്‍ഘകാലമായി അമുസ്‌ലിങ്ങള്‍ക്ക് പ്രവേശനവിലക്കുള്ള, മക്കയിലെ ചില പ്രദേശങ്ങളിലേക്ക് ഒളിച്ചുകടന്നത്. പിന്നാലെ മക്ക നഗരത്തിലൂടെ വാഹനമോടിക്കുന്നതിന്റെ സെല്‍ഫി വീഡിയോ ഫൂട്ടേജും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

അമുസ്‌ലിങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന, മക്കയിലേക്കുള്ള പ്രവേശന കവാടമായ മക്ക ഗേറ്റും ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായി കണക്കാക്കപ്പെടുന്ന ഗ്രാന്‍ഡ് മോസ്‌കും കടന്നുകൊണ്ട് തമാരി വണ്ടിയോടിച്ചിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബി അവസാനമായി പ്രഭാഷണം നടത്തിയ, വര്‍ഷംതോറും ഹജ്ജ് തീര്‍ഥാടന സമയത്ത് മുസ്‌ലിങ്ങള്‍ ഒത്തുകൂടുന്ന മക്കയിലെ അറാഫത്ത് മലയില്‍ നിന്നും തമാരി സെല്‍ഫിയെടുത്തിരുന്നു.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തമാരിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നിരവധി മുസ്‌ലിം സോഷ്യല്‍ മീഡിയ യൂസേഴ്സ് Jew in the Haram എന്ന ഹാഷ്ടാഗോടെ സംഭവത്തില്‍ പ്രതിഷേധമറിയിച്ചു.

ഇസ്രഈലി പൗരന്മാരുടെ ഭാഗത്ത് നിന്നും തമാരിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെ സംഭവത്തില്‍ ചാനല്‍ 13 മാപ്പ് പറഞ്ഞു. അതേസമയം, തിമാരിയുടേതായി പുറത്തുവിട്ട വീഡിയോയിലും റിപ്പോര്‍ട്ടിലും ചാനല്‍ ഉറച്ചുനിന്നു.

‘ഞങ്ങളുടെ വേള്‍ഡ് ന്യൂസ് എഡിറ്റര്‍ ഗില്‍ തമാരിയുടെ മക്ക സന്ദര്‍ശനം പത്രപ്രവര്‍ത്തനത്തിലെ ഒരു സുപ്രധാന നേട്ടമാണ്. അത് മുസ്‌ലിങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല. ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,” എന്നായിരുന്നു ചാനലിന്റെ പ്രസ്താവന.

പിന്നാലെ തമാരിയും സോഷ്യല്‍ മീഡിയയിലൂടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. മക്കയുടെ സൗന്ദര്യത്തെയും പ്രാധാന്യത്തെയും പുറത്തെത്തിക്കുക എന്നതായിരുന്നു വീഡിയോയുടെ ഉദ്ദേശമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തമാരി സന്ദര്‍ശിച്ച മക്കയിലെ ഈ പ്രദേശങ്ങളിലും വിശുദ്ധ നഗരമായ മദീനയിലെ ചില ഭാഗങ്ങളിലും അമുസ്‌ലിങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് സമ്പൂര്‍ണ വിലക്കുണ്ട്. വിലക്ക് ലംഘിച്ച് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ പിഴയോ നാടുകടത്തലോ ഉള്‍പ്പെടെയുള്ള ശിക്ഷകളും ലഭിക്കും.

Content Highlight: Saudi citizen got arrested for helping non Muslim Israeli journalist to illegally enter Mecca