ക്രൂഡ് ഓയില്‍ വില്‍പന രംഗത്ത് ഇന്ത്യയെ റീജിയണല്‍ ഹബ്ബാക്കുമെന്ന് സൗദി അറേബ്യ
world
ക്രൂഡ് ഓയില്‍ വില്‍പന രംഗത്ത് ഇന്ത്യയെ റീജിയണല്‍ ഹബ്ബാക്കുമെന്ന് സൗദി അറേബ്യ
ന്യൂസ് ഡെസ്‌ക്
Sunday, 24th February 2019, 11:38 pm

റിയാദ്: ക്രൂഡ് ഓയില്‍ വിതരണത്തിന് ഇന്ത്യയെ റീജിയണല്‍ ഹബ്ബാക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി അദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍. റിഫൈനറികള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായും ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്നും ആദില്‍ ബിന്‍ അഹ്മദ് പറഞ്ഞു.

പെട്രോകെമിക്കല്‍ രംഗത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുമെന്നും ഇത് രാജ്യത്ത് വന്‍ മുന്നേറ്റത്തിന് ഇടയാക്കുമെന്നും അഹ്മദ് അല്‍ ജുബൈര്‍ പറഞ്ഞു. നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അദില്‍ അല്‍ ജുബൈറും ഉണ്ടായിരുന്നു.

നിക്ഷേപം നടത്തുന്നത് വഴി ഇന്ത്യയ്ക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും എളുപ്പമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി നടത്തുന്നത് സൗദി അറേബ്യയാണ്.

മഹാരാഷ്ട്രയില്‍ 44 ബില്ല്യണ്‍ യു.എസ് ഡോളര്‍ ചെലവില്‍ സ്ഥാപിക്കുന്ന റിഫൈനറിയില്‍ സൗദി അരാംകോ ഭാഗമാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സായിരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.