ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക യുദ്ധം; എല്‍.ഐ.വി ഗോള്‍ഫിനുള്ള നിക്ഷേപം വെട്ടിക്കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ
World
ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക യുദ്ധം; എല്‍.ഐ.വി ഗോള്‍ഫിനുള്ള നിക്ഷേപം വെട്ടിക്കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ
ശ്രീരാഗ് പാറക്കല്‍
Thursday, 16th April 2026, 9:01 am

റിയാദ്: ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക യുദ്ധം കാരണം എല്‍.ഐ.വി ഗോള്‍ഫിനുള്ള കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വെട്ടിക്കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ട്. അഞ്ച് ബില്യണ്‍ ഡോളറാണ് നിക്ഷേപത്തില്‍ നിന്ന് വെട്ടിച്ചുരുക്കുകയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദിയുടെ പബ്ലിക്ക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) നിക്ഷേപത്തില്‍ നിന്ന് ഒരു പിന്മാറ്റത്തെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഇത് ഗള്‍ഫ് സോവറിന്‍ വെല്‍ത്ത് ഫണ്ടുകളില്‍ നിന്ന് നിക്ഷേപം ലഭിക്കുന്നതിന് പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സൗദി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2021ല്‍ സ്ഥാപിതമായ എല്‍.ഐ.വി ഗോള്‍ഫിന്റെ പ്രധാന ഇന്‍വസ്റ്ററാണ് പി.ഐ.എഫ്. എന്നാല്‍ നിക്ഷേപത്തില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ എല്‍.ഐ.വി തകര്‍ച്ച നേരിട്ടേക്കും.

മാത്രമല്ല ഈ വര്‍ഷം ആദ്യം റിയാദ് നഗരമധ്യത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഭീമന്‍ ക്യൂബ് ആകൃതിയിലുള്ള മുകാബിന്റെ നിര്‍മാണം സൗദി അറേബ്യ താത്ക്കാലികമായി നിര്‍ത്തിവച്ചു.

ഒരു മരുഭൂമി സ്‌കീ റിസോര്‍ട്ടും ഒരു കൃത്രിമ തടാകത്തിനായി ഒരു വലിയ അണക്കെട്ടും നിര്‍മിക്കാനുള്ള പദ്ധതികളും രാജ്യം താല്‍ക്കാലികമായി നിര്‍ത്തി. യുദ്ധം കാരണം ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാരത്തിനും ബിസിനസിനും വലിയ നഷ്ടമാണ് ഉണ്ടായത്.

എല്‍.ഐ.വി ഗോള്‍ഫുമായുള്ള നിക്ഷേപം ഒഴിവാക്കി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കാനാണ് സൗദിയുടെ ശ്രമങ്ങള്‍. പി.ഐ.എഫിന്റെ മൂല്യം ഒരു ട്രില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.

പി.ഐ.എഫ് തങ്ങളുടെ നിക്ഷേപത്തിന്റെ 80 ശതമാനം പ്രാദേശിക പദ്ധതികളിലേക്ക് വിന്യസിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പി.ഐ.എഫ് ഗവര്‍ണര്‍ യാസിര്‍ അല്‍-റുമയ്യാന്‍ ബുധനാഴ്ച അല്‍ അറബിയ ബിസിനസിനോട് പറഞ്ഞു. അതേസമയം 20 ശതമാനം വിദേശ നിക്ഷേപങ്ങള്‍ക്കും മാറ്റിവെച്ചു. സമീപ വര്‍ഷങ്ങളില്‍ ഇത് 30 ശതമാനമായിരുന്നു.

Content Highlight: Saudi Arabia set to cut investment in LIV Golf

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ