ടെഹ്റാൻ: ഇസ്രഈലിലേക്ക് ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ സൗദി അറേബ്യ രഹസ്യമായി തടഞ്ഞിരുന്നതായി റിപ്പോര്‍ട്ട്. ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രഈലിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചതിനിടെയായിരുന്നു സൗദി ഇറാന്റെ ഡ്രോണുകള്‍ തടഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാധ്യമ ശ്രോതസുകളെ ഉദ്ധരിച്ച് പ്രസ് ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാഖിനും ജോര്‍ദാനും ഇടയിലുള്ള വ്യോമാതിര്‍ത്തി കടന്ന ഡ്രോണുകളെ വെടിവെച്ചു വീഴ്ത്താന്‍ സൗദി ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചതായും ഇസ്രഈലില്‍ എത്തുന്നതിന് മുമ്പുതന്നെ അവയെ തടഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡ്രോണുകള്‍ തടഞ്ഞതെന്നും അല്ലെങ്കില്‍ അത് ഇസ്രഈലിനെതിരെ വരേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ (CENTCOM) കീഴില്‍ ജോര്‍ദാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നേത്യത്വത്തിലുള്ള ഓപ്പറേഷന്റെ ഭാഗമായിട്ടാണ് സൗദി ഡ്രോണുകളെ തടഞ്ഞത്. ഈ ഏകോപനത്തിനെ നയിച്ചത് കമാന്‍ഡര്‍ ജനറല്‍ മൈക്ക് കുരില്ല ആയിരുന്നു.
ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തെ അപലപിച്ച അറബ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എന്നാല്‍ ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടത് ഇസ്രഈലാണെന്ന് റിയാദ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇറാനെതിരായ ശക്തികളുമായുള്ള സൗദിയുടെ സഹകരണം വളര്‍ന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.