ലിംഗ വ്യത്യാസം കുറച്ചുകൊണ്ട് വരുന്നതില്‍ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ: റിപ്പോര്‍ട്ട്
World News
ലിംഗ വ്യത്യാസം കുറച്ചുകൊണ്ട് വരുന്നതില്‍ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2022, 5:17 pm

ബേണ്‍: ലിംഗഭേദം (ജെന്‍ഡര്‍ ഗ്യാപ്) കുറക്കുന്ന കാര്യത്തില്‍ ഇന്ത്യയെ മറികടന്ന് സൗദി അറേബ്യ.

സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്) പുറത്തുവിട്ട ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്‌സ് 2022ലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഈയാഴ്ചയായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്‌സിലെ 146 രാജ്യങ്ങളുടെ ലിസ്റ്റില്‍ സൗദി അറേബ്യ 127ാം സ്ഥാനത്തും ഇന്ത്യ 135ാം സ്ഥാനത്തുമാണുള്ളത്.

ഇന്‍ഡക്‌സ് പോയിന്റ് പ്രകാരം സൗദിക്ക് 0.636 പോയിന്റുകളും ഇന്ത്യക്ക് 0.629 പോയിന്റുകളുമാണുള്ളത്. അതായത്, രാജ്യത്തെ ലിംഗ വ്യത്യാസം സൗദി അറേബ്യ 63.6 ശതമാനം കുറച്ചപ്പോള്‍ ഇന്ത്യ കുറച്ചത് 62.9 ശതമാനം മാത്രമാണ്.

ഇതാദ്യമായാണ്, വലിയ ലിംഗ വിഭജനവും അസമത്വവും നിലനില്‍ക്കുന്ന രാജ്യമായി കണക്കാക്കപ്പെടുന്ന സൗദി ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്‌സ് പട്ടികയില്‍ ഇന്ത്യയെ മറികടക്കുന്നത്.

ഓരോ രാജ്യത്തും നിലനില്‍ക്കുന്ന ലിംഗ സമത്വത്തിന്റെ അടിസ്ഥാനത്തില്‍ പൂജ്യം മുതല്‍ ഒന്ന് വരെയുള്ള ഇന്‍ഡക്‌സ് സ്‌കോറാണ് 146 രാജ്യങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്.

0.908 പോയിന്റുകളുമായി ഐസ്‌ലാന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. 0.860 പോയിന്റുമായി ഫിന്‍ലാന്‍ഡ് രണ്ടാമതും 0.846 പോയിന്റുമായി നോര്‍വേ മൂന്നാമതും നില്‍ക്കുന്നു.

0.435 പോയിന്റുമായി അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും താഴെ. പാകിസ്ഥാന്‍ (0.564), ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ (0.575) എന്നീ രാജ്യങ്ങളാണ് പോയിന്റ് കുറഞ്ഞ മറ്റുള്ളവര്‍.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ നിര്‍വചനപ്രകാരം സാമൂഹികവും രാഷ്ട്രീയവും ബൗദ്ധികവും സാംസ്‌കാരികവും സാമ്പത്തികവുമായ നേട്ടങ്ങളിലോ മനോഭാവങ്ങളിലോ പ്രതിഫലിക്കുന്ന, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസമാണ് ലിംഗ വ്യത്യാസം അഥവാ ജെന്‍ഡര്‍ ഗ്യാപ്.

സാമ്പത്തിക പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസ നേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശാക്തീകരണം എന്നീ നാല് പാരാമീറ്ററുകള്‍ ഉപയോഗിച്ചാണ് ഈ ലിംഗവ്യത്യാസം നിര്‍ണയിക്കുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തിന് കീഴില്‍ സൗദിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരതമ്യേന പുരോഗമനപരമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഡ്രൈവിങ് അടക്കം സ്ത്രീകളുടെ സാന്നിധ്യം ഒട്ടും ഉണ്ടാകാതിരുന്ന മേഖലകളിലേക്ക് സ്ത്രീകള്‍ കടന്നുവരികയും യാഥാസ്ഥിതിക മനോഭാവത്തില്‍ നിന്ന് മാറി അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ രാജ്യത്ത് ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Saudi Arabia outpaced India in the latest Global Gender Gap Index 2022 World Economic Forum