രാജ്യത്തെ ഫലസ്തീനികളുടെ കൂട്ട അറസ്റ്റിന് സൗദി ഒരുങ്ങുന്നതായി ആരോപണം
Middle East Politics
രാജ്യത്തെ ഫലസ്തീനികളുടെ കൂട്ട അറസ്റ്റിന് സൗദി ഒരുങ്ങുന്നതായി ആരോപണം
ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 12:53 pm

 

റിയാദ്: രാജ്യത്തെ ഫലസ്തീനികളെ കൂട്ടമായി അറസ്റ്റു ചെയ്യാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദി വിമതനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സയ്യിദ് ബിന്‍ നസീര്‍ അല്‍ ഖമേനിയാണ് അടുത്തിടെ ട്വിറ്ററിലൂടെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.

മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഫലസ്തീനികളെ ഖമേനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബ്രദര്‍ഹുഡ് ബന്ധം ആരോപിച്ച് നേരത്തെ അറസ്റ്റു ചെയ്ത 20 ഫലസ്തീനിയന്‍, ഈജിപ്ഷ്യന്‍ സ്ത്രീകളെ ഇതിനകം തന്നെ മോചിപ്പിച്ചിട്ടുണ്ടെന്നും അവരോട് അങ്ങനെ ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അല്‍ ഖമേനി പറയുന്നു.

’60 ഓളം ഫലസ്തീനികള്‍ക്കെതിരെ ഇതിനകം ചുമത്തിയിരിക്കുന്ന അതേ കുറ്റങ്ങളുടെ പേരില്‍ സൗദിയിലെ കൂടുതല്‍ ഫലസ്തീനികളെ അറസ്റ്റു ചെയ്യാനുള്ള കാമ്പെയ്ന്‍ ശക്തമായിട്ടുണ്ട്. ഒരുകൂട്ടം ഈജിപ്ഷ്യന്‍ പൗരന്മാരെക്കൂടി അറസ്റ്റ് കാമ്പെയ്ന്‍ ലക്ഷ്യമിടുന്നുണ്ട്.’ അല്‍ ഖമേനി കുറിക്കുന്നു.

ആരോപണം സൗദിയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്ന യു.കെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യസും പിന്തുണച്ചിട്ടുണ്ട്. 150ലേറെ ഫലസ്തീനികള്‍ സൗദി തടവില്‍ ഉണ്ടെന്നാണ് ഈ എന്‍.ജി.ഒ പറയുന്നത്. ജിദ്ദയില്‍ മാത്രമായി 40 ഫലസ്തീനികളാണ് അറസ്റ്റിലായതെന്നും ഇവര്‍ പറയുന്നു.