സൗദി അറേബ്യയും ഇറാനില്‍ വ്യോമാക്രമണം നടത്തിയതായി റോയിറ്റേഴ്‌സ്
ന്യൂയോര്‍ക്ക്: യു.എസ് – ഇറാന്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി ഇറാനില്‍ സൗദി അറേബ്യയും വ്യോമാക്രമണം നടത്തിയതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഇത്തരത്തില്‍ വ്യോമാക്രമണങ്ങളുടെ ഒരു പരമ്പര സൗദിയുടെ ഭാഗത്തുനിന്നുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദിയുടേത് ‘പകരത്തിന് പകരം’ ആക്രമണം ആയിരുന്നു എന്ന് ‘ഒരു പാശ്ചാത്യ ഉദ്യോഗസ്ഥന്‍’ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സൗദി ആക്രമിക്കപ്പെട്ടപ്പോള്‍ ആവര്‍ തിരിച്ചടിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. സൗദിയുടേത് പ്രത്യാതക്രമണമാണ് എന്ന് പറയുന്നുണ്ടെങ്കിലും എന്ത് ആക്രമണത്തിനെതിരെയാണ് തിരിച്ചടിയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇറാനില്‍ എവിടെയെല്ലാം ആണ് ആക്രമണം നടന്നതെന്ന് തങ്ങള്‍ക്ക് സ്ഥിരീകരിക്കാനായില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ ആക്രമണം നടന്നോ ഇല്ലയോ എന്ന കാര്യത്തില്‍ അവരില്‍ നിന്ന് നേരിട്ടുള്ള വിവരം ഒന്നും ലഭിച്ചില്ലെന്നും റോയിറ്റേഴ്‌സ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്‌റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ലെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
തങ്ങള്‍ സ്ഥിതിഗതികള്‍ ലഘൂകരിക്കുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നാണ് സൗദി വിദേശ കാര്യമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടി മേഖലയിലെ സംഘര്‍ഷാവസ്ഥ കുറച്ചുകൊണ്ട് വരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, സൗദി കൂടുതല്‍ തിരിച്ചടികൊണ്ട് ഇറാനെ ഭീഷണിപ്പെടുത്തിയെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സംഘര്‍ഷങ്ങളുടെ ഭാഗമായി യു.എ.ഇ ഇറാനില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് യു.എസ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രിലില്‍ ഇറാനിലെ ലവാന്‍ ദ്വീപിലെ റിഫൈനറിയിലുണ്ടായ ആക്രമണം നടത്തിയത് യു.എ.ഇയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യു.എ.ഇയുടെ ഇടപെടലുകളെ യു.എസ് രഹസ്യമായി പിന്തുണക്കുന്നതായും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ളവരില്‍ നിന്നാണ് ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് യു.എ.ഇയുടെയോ ഇറാന്‌റെയോ യു.എസിന്‌റെയോ പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. ഇറാനില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന തരത്തില്‍ യു.എ.ഇയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമൊന്നും മുന്‍പുണ്ടായിട്ടുമില്ല.
Content Highlight: Saudi Arabia carried out ‘covert’ strikes on Iran amid US-Israeli aggression in March: Report