പൈപ്പ് ലൈന്‍ തകര്‍ന്നു; എണ്ണ കയറ്റുമതിയില്‍ 10 % ഇടിവ്; ഇറാന്‍ ആക്രമണമുണ്ടാക്കിയ നാശനഷ്ടം ആദ്യമായി സ്ഥിരീകരിച്ച് സൗദി
Iran US Conflict
പൈപ്പ് ലൈന്‍ തകര്‍ന്നു; എണ്ണ കയറ്റുമതിയില്‍ 10 % ഇടിവ്; ഇറാന്‍ ആക്രമണമുണ്ടാക്കിയ നാശനഷ്ടം ആദ്യമായി സ്ഥിരീകരിച്ച് സൗദി
അനിത സി
Friday, 10th April 2026, 5:03 pm

റിയാദ്: പ്രത്യാക്രമണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആദ്യമായി ഇറാന്റെ ആക്രമണം ഊര്‍ജ വിതരണത്തില്‍ തിരിച്ചടിയുണ്ടാക്കിയതായി സ്ഥിരീകരിച്ച് സൗദി അറേബ്യ.

ഇറാന്‍ ആക്രമണത്തില്‍ സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിനുണ്ടായ തകരാര്‍ കാരണം രാജ്യത്തിന്റെ എണ്ണ കയറ്റുമതിയില്‍ ഏകദേശം 10 ശതമാനം ഇടിവുണ്ടായതായി ഊര്‍ജ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തിന്റെ ആകെ കയറ്റുമതി ശേഷിയില്‍ പ്രതിദിനം 700,000 ബാരല്‍ (bpd) കുറവ് വന്നെന്നാണ് വ്യാഴാഴ്ചയിലെ ഊര്‍ജ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

‘ആഗോള വിപണികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സുപ്രധാന മാര്‍ഗമായ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈനിലെ ഒരു പമ്പിങ് സ്റ്റേഷനും ആക്രമണങ്ങള്‍ക്കിരയായി. ഇത് പൈപ്പ്ലൈനിലൂടെ പ്രതിദിനം പമ്പ് ചെയ്യപ്പെടുന്ന എണ്ണയില്‍ ഏകദേശം 700,000 ബാരല്‍ അളവ് കുറവ് വരാന്‍ കാരണമായി,’ ഊര്‍ജ മന്ത്രാലയം പറഞ്ഞു.

ഇറാന്‍ മാനിഫ, ഖുറൈസ് എണ്ണ സംസ്‌കരണ പ്ലാന്റുകളും ലക്ഷ്യമിട്ടിരുന്നുവെന്നും ആക്രമണങ്ങളുടെ ഫലമായി രണ്ട് എണ്ണ പാടങ്ങളിലുമായി പ്രതിദിനം 600,000 ബാരല്‍ ഉല്‍പാദന ശേഷി കുറഞ്ഞുവെന്നും സൗദി പ്രസ്താവനയില്‍ പറയുന്നു.

ഇറാന്റെ ആക്രമണങ്ങള്‍ ജുബൈല്‍, റാസ് തനുറ, യാന്‍ബു, റിയാദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന ഓയില്‍ റിഫൈനറികളെയും ബാധിച്ചുവെന്നും ഇത് ആഗോള വിപണികളിലേക്കുള്ള ശുദ്ധീകരിച്ച ഉത്പന്നങ്ങളുടെ കയറ്റുമതിയെ നേരിട്ട് ബാധിച്ചുവെന്നും സൗദി അറിയിച്ചു.

ആക്രമണങ്ങളുടെ തുടര്‍ച്ച എണ്ണ വിതരണക്ഷാമത്തിലേക്ക് നയിക്കുന്നു. ഗുണഭോക്തൃ രാജ്യങ്ങള്‍ക്കുള്ള വിതരണ സുരക്ഷയെ ബാധിക്കുകയും എണ്ണ വിപണികളിലെ ചാഞ്ചാട്ടത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണമായും ഇറാന്റെ കീഴിലാവുകയും കപ്പല്‍ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള നിര്‍ണായക മാര്‍ഗമായി സൗദിയുടെ കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈന്‍ മാറിയിരുന്നു.

സൗദിയുടെ തീരത്തെ ചെങ്കടലിലെ യാന്‍ബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനാണിത്. ഇതിലൂടെ ഏഴ് ദശലക്ഷം ബാരല്‍ ശേഷിയില്‍ എണ്ണ പമ്പ് ചെയ്യാന്‍ സാധിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അതേസമയം, ഇറാനിയന്‍ ആക്രമണങ്ങള്‍ സൗദി അറേബ്യയുടെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഇതാദ്യമായാണ് സൗദിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തെത്തുന്നത്.

നിലവില്‍ യു.എസും ഇറാനും താത്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ സൗദിയുടെ ഏറ്റവും അടുത്ത പങ്കാളികളിലൊന്നായ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇസ്‌ലാമാബാദില്‍ യു.എസും ഇറാനും ഉന്നതതല സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

സൗദി അറേബ്യ തങ്ങളുടെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് നിശബ്ദത പാലിച്ചുവരികയായിരുന്നു.

ഇറാനെ ആക്രമിക്കാന്‍ സൗദിയിലെ കിങ് ഫഹദ് വ്യോമതാവളം വിട്ടുനല്‍കണമെന്ന യു.എസ്-ഇസ്രഈല്‍ അഭ്യര്‍ത്ഥന രാജ്യം തള്ളിക്കളഞ്ഞിരുന്നു.

ഇതിനിടെ, സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യാഴാഴ്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും ഫോണില്‍ സംസാരിച്ചിരുന്നു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ടാണോ സംഭാഷണമെന്നത് വ്യക്തമല്ല.

Content Highlight: Pipeline collapses; Oil exports drop 10%; Saudi Arabia confirms damage caused by Iran attack for the first time

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.