ഒരു നോട്ടം ഉണ്ടെന്ന് മാത്രമേ പറഞ്ഞുള്ളൂ, ഒറ്റ ഷോട്ടിലാണ് ആ രംഗമെടുത്തത്; ദുല്‍ഖറിനെ പറ്റി സൗബിന്‍
Film News
ഒരു നോട്ടം ഉണ്ടെന്ന് മാത്രമേ പറഞ്ഞുള്ളൂ, ഒറ്റ ഷോട്ടിലാണ് ആ രംഗമെടുത്തത്; ദുല്‍ഖറിനെ പറ്റി സൗബിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd May 2023, 11:33 am

ഷെയിന്‍ നിഗം, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, അമല്‍ ഷാ മുന്ന, ഗോവിന്ദ് വി. പൈ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2017ല്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ചിത്രമാണ് പറവ. റെക്‌സ് വിജയന്റെ സംഗീതം കൊണ്ടും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ കൊണ്ടും കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന പ്രേക്ഷകരെ വരെ പിടിച്ചിരുത്തിയ ഈ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ ഗസ്റ്റ് അപ്പിയറന്‍സ് വളരെ ശ്രദ്ധേയമാണ്.

ദുല്‍ഖറിന്റെ സ്‌ക്രീന്‍ പ്രെസെന്‍സ് വളരെ കുറവാണെങ്കില്‍ കൂടിയും, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് മനസില്‍ ഏറ്റവും കൂടുതല്‍ പതിഞ്ഞത് ഇമ്രാന്‍ എന്ന ദുല്‍ഖറിന്റെ കഥാപാത്രമാണ്. ഇമ്രാന്റെ മരണവും തുടര്‍ന്നുള്ള സന്ദര്‍ഭങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ചിത്രത്തിന്റെ അവസാനം ഇമ്രാന്‍ തന്റെ സുഹൃത്തുക്കളുടെ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കുന്ന സെക്കന്റുകള്‍ മാത്രമുള്ള സീന്‍ പ്രേക്ഷകര്‍ക്ക് വളരെ വൈകാരിക നിമിഷമാണ് സമ്മാനിച്ചത്. ഈ രംഗം ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സൗബിന്‍ ഷാഹിര്‍.

‘ഇമ്രാന് ഭയങ്കര സങ്കടമാകുന്നുണ്ട്. കാരണം, ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവരുടെ കൂട്ടത്തില്‍ ഏതെങ്കിലും ഒരു സൈഡില്‍ എവിടെയെങ്കിലും മച്ചാന്‍ ഉണ്ടായേനെ. ആ ഒരു നോട്ടം ഉണ്ടെന്ന് മാത്രമേ സംസാരിച്ചിരുന്നുള്ളു. ആ ഒരു സന്തോഷ കണ്ണുനീര്, അതിന്റെ സങ്കടം മിക്‌സ് ചെയ്തിട്ടുള്ളതാണ് ദുല്‍ഖര്‍ തന്നത്. ആ ഒറ്റ ഷോട്ട് തന്നെ ആയിരുന്നു. വേറെ ഒന്നും ചെയ്യേണ്ടി വന്നില്ല. അത് മതി. ഞാന്‍ ഹാപ്പി ആയിരുന്നു,’ സൗബിന്‍ പറഞ്ഞു.

സിലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ പറവയെപ്പറ്റിയും ദുല്‍ഖറിന്റെ കാമിയോ റോളിനെപ്പറ്റിയും പറഞ്ഞത്.

ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത അയല്‍വാശിയാണ് സൗബിന്റെ ഏറ്റവും പുതിയ ചിത്രം. ബിനു പപ്പു, നിഖില വിമല്‍, ഗോകുലന്‍, നസ്‌ലിന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Saubin Shahir talks about shoot of last scene in Parava movie