സത്‌നാംസിങിന്റെ മരണം: വിചാരണ നടപടികള്‍ക്ക് മൂന്ന് മാസത്തെ സ്റ്റേ
Kerala
സത്‌നാംസിങിന്റെ മരണം: വിചാരണ നടപടികള്‍ക്ക് മൂന്ന് മാസത്തെ സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th April 2014, 6:38 pm

[share]

[] കൊച്ചി: സത്‌നാംസിങിന്റ മരണവുമായി ബന്ധപ്പെട്ട് വിചാരണനടപടികള്‍ മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സത്‌നാംസിങ്ങിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് ഹരീന്ദ്രകുമാര്‍ സിങ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

അമൃതാനന്ദമയിയെ ആക്രമിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സത്‌നാംസിങ് പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു.

ക്രൈംബ്രാഞ്ച്  അന്വേഷിച്ച കേസില്‍ ആറ് പേര്‍ക്കെതിരെയായിരുന്നു വിചാരണ. എന്നാല്‍ സത്‌നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

അതിനിടെ െ്രെകംബ്രാഞ്ച് അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതിയില്‍ വെളിപ്പടുത്തിയ സര്‍ക്കാര്‍ അഭിഭാഷകനെ കേസിന്റെ ചുമതലയില്‍ നിന്ന് നീക്കി. അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി നേരിട്ട് ഇടപെട്ടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍. സുരേഷിനെ കേസ് നടത്തിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയത്.

കേസ് നടത്തിപ്പ് അഡ്വക്കറ്റ് ജനറല്‍ ഏറ്റെടുക്കുകയാണെന്നും ഹരജി മധ്യവേനല്‍ അവധിക്ക് ശേഷം മാറ്റണമെന്നും മറ്റൊരു ഗവണ്‍മെന്റ്  പ്ലീഡര്‍ കോടതിയിലെത്തി ആവശ്യപ്പെടുകയായിരുന്നു. കേസിലെ ഹരജി ഭാഗത്തെ അറിയിക്കാതെയാണ് അഡ്വക്കേറ്റ് ജനറലിന് വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്ന ആരോപണവും ഉണ്ടായിരുന്നു.