മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ മഞ്ജുവിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ലോഹിതദാസിന്റെ സംവിധാനത്തില്‍ എത്തിയ സല്ലാപം സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നടിയെ കണ്ട ഓര്‍മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്.
ലോഹിതദാസ് ക്ഷണിച്ചിട്ടാണ് താന്‍ ഒരിക്കല്‍ സല്ലാപം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയതെന്നും ഒന്ന് തല കാണിച്ച് പോരണമെന്നേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും സംവിധായകന്‍ പറയുന്നു.
അന്ന് ലോഹിതദാസ് തന്നോട് പറഞ്ഞത് ‘അവളൊരു മിടുക്കിക്കുട്ടിയാണ്. എന്തു നാച്ചുറലായിട്ടാണ് അഭിനയിക്കുന്നത്. ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതി’യെന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘എന്നാല്‍ അന്ന് ഒരു സീനല്ല, അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചു പോന്നുള്ളൂ. പുതുമുഖത്തിന്റെ പതര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചിരുന്നു.
മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ തൂവല്‍ക്കൊട്ടാരം ആയിരുന്നു. എന്നാല്‍ എന്നെ മാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്ന വിധം അനായാസമായാണ് മഞ്ജു അതില്‍ അഭിനയിച്ചത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.
തൂവല്‍ക്കൊട്ടാരം സിനിമയില്‍ ‘പാര്‍വതി മനോഹരി’ എന്ന് തുടങ്ങുന്ന ക്ലാസിക്കല്‍ ഡാന്‍സിനെ കുറിച്ചും സംവിധായകന്‍ സംസാരിച്ചു. സുകന്യയും മഞ്ജു വാര്യരും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദര്‍ഭം.
മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടിയ നര്‍ത്തകിയാണ് സുകന്യ. ‘പാര്‍വതി മനോഹരി’ പാട്ടിന്റെ ഡാന്‍സില്‍ സുകന്യയോടൊപ്പം പതിനേഴുകാരിയായ മഞ്ജുവിന് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും തനിക്കുണ്ടായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
‘കലാമാസ്റ്ററായിരുന്നു കൊറിയോഗ്രാഫര്‍. ആദ്യത്തെ കുറെ ഷോട്ടുകളെടുത്ത് കഴിഞ്ഞപ്പോള്‍ കലാ മാസ്റ്റര്‍ ‘ഒരു ചെറിയ പ്രശ്നമുണ്ട് സര്‍’ എന്ന് പറഞ്ഞു. സുകന്യയുടെ മുന്നില്‍ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്ന രീതിയിലാണ് സിനിമയില്‍ വേണ്ടത്.
പക്ഷേ പലപ്പോഴും സുകന്യയെക്കാള്‍ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം. എത്ര ദൈര്‍ഘ്യമേറിയ ചുവടുകള്‍ കാണിച്ച് കൊടുത്താലും നിമിഷനേരം കൊണ്ട് അത് പഠിക്കുന്നു. ഒടുവില്‍ ഞാന്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി സംസാരിച്ചു.
‘ഇത്ര നന്നായി ചെയ്യേണ്ട. ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളര്‍ച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തത് പോലെ’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഒടുവില്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിന് വേണ്ടി അങ്ങനെ ചെയ്തു,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talks About Manju Warrier