മലയാള സിനിമയില്‍ ഏറ്റവും വിദ്യാഭ്യാസമുള്ളത് അയാള്‍ക്ക്; എട്ടാം ക്ലാസ് വരെ പഠിച്ച നടന്‍: സത്യന്‍ അന്തിക്കാട്
Malayalam Cinema
മലയാള സിനിമയില്‍ ഏറ്റവും വിദ്യാഭ്യാസമുള്ളത് അയാള്‍ക്ക്; എട്ടാം ക്ലാസ് വരെ പഠിച്ച നടന്‍: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th August 2025, 5:26 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ക്ക് നിരവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ കൂടിയാണ് അദ്ദേഹം. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ നിറസാന്നിധ്യമായിരുന്ന നടനാണ് ഇന്നസെന്റ്.

ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദമായിരുന്നു. താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള നടനാണ് ഇന്നസെന്റെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തെ താന്‍ നടനായിട്ടല്ല കണ്ടതെന്നും കുടുംബമായിട്ടാണ് കണ്ടതെന്നും സംവിധായകന്‍ പറഞ്ഞു.

‘രാവിലെ ഇന്നസെന്റിന്റെ വിളികള്‍ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടാവാറില്ല എന്നതാണ് സത്യം. സിനിമയുണ്ടെങ്കിലും സിനിമ ഇല്ലെങ്കിലും അദ്ദേഹം വിളിക്കും. ചിലപ്പോഴൊക്കെ സിനിമ ചെയ്യുന്ന സമയത്ത് ഇന്നസെന്റ് മുന്‍കൂട്ടി ‘അടുത്ത സിനിമയില്‍ ഞാന്‍ ഇല്ലാട്ടോ. എന്നെ വിളിക്കണ്ട’ എന്ന് പറയാറുണ്ട്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയില്‍ നിന്നും അദ്ദേഹം തന്നെയാണ് പിന്മാറിയത്. ഞാന്‍ ഇന്നസെന്റിന് അതില് ഒരു കഥാപാത്രം മാറ്റിവെച്ചിരുന്നു. ‘ഞാന്‍ ഇനി രണ്ടുമൂന്ന് മാസം ആലിസിന്റെയും പിള്ളേരുടെയും കൂടെ വെറുതെയിരിക്കാന്‍ പോകുകയാണ്’ എന്നായിരുന്നു അന്ന് പറഞ്ഞത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

അഭിനയത്തിന് വേണ്ടിയോ സിനിമക്ക് വേണ്ടിയോ അല്ലാതെ തന്നെ അദ്ദേഹം എല്ലാ ദിവസവും വിളിക്കുമായിരുന്നെന്നും സംവിധായകന്‍ ഓര്‍ക്കുന്നു. എന്ത് സംശയവും നമുക്ക് ചോദിക്കാന്‍ സാധിക്കുന്ന ഒരാളാണ് ഇന്നസെന്റെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

‘ഇന്നസെന്റ് എപ്പോഴും സ്വയം ‘ഞാന്‍ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ’വെന്ന് പറയാറുണ്ട്. പക്ഷെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള നടന്‍ ഇന്നസെന്റാണ്.

അക്കാദമിക് വിദ്യാഭ്യാസത്തെ കുറിച്ചല്ല പറയുന്നത്. ഏത് കാര്യങ്ങളെ കുറിച്ചും പ്രായോഗികമായി സംസാരിക്കാനും അതിനെ തിരിച്ചറിയാനും സാധിക്കുന്ന ആളാണ് ഇന്നസെന്റ്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talks About Innocent