മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. പത്ത് വർഷത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രവും ഇരുവരും ഒന്നിച്ച 20ാമത്തെ സിനിമയുമാണ് ഇത്. മോഹൻലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. മോഹൻലാലിന്റെ കഥാപാത്രത്തോട് ഒരു നോർത്ത് ഇന്ത്യക്കാരന്റെ കഥാപാത്രം തനിക്ക് മലയാള സിനിമയെക്കുറിച്ച് അറിയാമെന്നും ഫഹദ് ഫാസിലിന്റെ ആരാധകനാണെന്നും പറയുന്ന ഒരു രംഗമാണ് ടീസറിൽ ഉൾപ്പെടുത്തിയത്.
‘എനിക്ക് ഫഫയെ വളരെ ഇഷ്ടമാണ്. ആവേശം , കുമ്പളങ്ങി നൈറ്റ്സ് … എന്തൊരു പ്രകടനം!’ എന്ന് ആ കഥാപാത്രം പറയുമ്പോൾ ഫഫ മാത്രമല്ലാതെ മലയാളത്തിൽ വളരെ മികച്ച സീനിയർ നടന്മാരും ഉണ്ടെന്ന് മോഹൻലാൽ പറയുന്നുണ്ട്. എന്നാൽ ഫഫ മാത്രമാണ് ശരിയെന്ന് നോർത്ത് ഇന്ത്യൻ കഥാപാത്രം പറയുമ്പോൾ മോഹൻലാൽ അകന്ന് പോകുകയാണ്.
ഈ ഒരൊറ്റ ടീസറിലൂടെ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോൾ ആ ടീസറിനെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് ടീസർ കട്ട് ചെയ്തത്. അനൂപ് അത് തനിക്ക് അയച്ചപ്പോൾ ഈ ടീസർ വേണ്ട, വേറെ റീ എഡിറ്റ് ചെയ്യാമെന്നാണ് താൻ പറഞ്ഞതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
എന്നാൽ തന്റെ മൂത്ത മകൻ അരുൺ സത്യൻ ആ സീൻ എന്തായാലും ടീസറിൽ വേണമെന്ന് പറഞ്ഞ് തന്നെ കൺവിൻസ് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീസർ ആളുകൾ പോസിറ്റീവ് ആയിത്തന്നെ സ്വീകരിച്ചപ്പോൾ തനിക്ക് സന്തോഷമായെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Sathyan Anthikkad talks about Hridayapoorvam movie teaser