എന്നെ വെച്ച് ഹിറ്റുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്നായിരുന്നു മമ്മൂക്ക അന്ന് പറഞ്ഞത്: സത്യന്‍ അന്തിക്കാട്
Malayalam Cinema
എന്നെ വെച്ച് ഹിറ്റുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്നായിരുന്നു മമ്മൂക്ക അന്ന് പറഞ്ഞത്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th July 2025, 6:46 pm

മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ആദ്യചിത്രമായ കുറുക്കന്റെ കല്യാണം മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മകള്‍ വരെ കുടുംബപ്രേക്ഷകര്‍ക്കായി അദ്ദേഹം ഒരുക്കിയ സിനിമകളാണ്. സമകാലീനരില്‍ പലരും കാലത്തിനൊത്ത് മാറാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ തന്റെ സ്ഥിരം ശൈലിയില്‍ ഹിറ്റുകളൊരുക്കുകയാണ് സത്യന്‍ അന്തിക്കാട്.

 

മോഹന്‍ലാലുമായി ഒരുപാട് ഹിറ്റുകളൊരുക്കിയ സത്യന്‍ അന്തിക്കാടിന് മമ്മൂട്ടിക്കൊപ്പം അത് ആവര്‍ത്തിക്കാനായില്ല. ഇരുവരും ആദ്യമായി ഒന്നിച്ച ശ്രീധരന്റെ ഒന്നാം തിരുമുറിവ് കഷ്ടിച്ച് വിജയമായി മാറുകയായിരുന്നു. മമ്മൂട്ടിയുമായി ഒന്നിച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. വളരെ പ്രതീക്ഷയോടെ ചെയ്ത ശ്രീധരന്റെ ഒന്നാം തിരുമുറിവ് പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

എന്നാല്‍ ഇന്ന് പലരുടെയും ഇഷ്ടസിനിമകളുടെ ലിസ്റ്റില്‍ ഈ ചിത്രവും ഉണ്ടെന്നും ശ്രീധരന്‍ എന്ന കഥാപാത്രമായി പകരം വെക്കാനാകാത്ത പെര്‍ഫോമന്‍സാണ് മമ്മൂട്ടി കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ മമ്മൂട്ടിയെ മറ്റൊരു സിനിമയുടെ സെറ്റില്‍ വെച്ച് കണ്ടെന്നും ആദ്യസിനിമ ഹിറ്റാകാത്തതില്‍ അദ്ദേഹം നിരാശനായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

‘മമ്മൂട്ടിയെ വെച്ച് ഞാന്‍ ആദ്യമായി ചെയ്ത പടമായിരുന്നു ശ്രീധരന്റൈ ഒന്നാം തിരുമുറിവ്. ആ സിനിമ വേണ്ട രീതിയില്‍ വിജയിച്ചില്ല. പക്ഷേ ഇന്ന് പലരുടെയും ഫേവറെറ്റാണ് ആ സിനിമ. ശ്രീധരന്‍ എന്ന കഥാപാത്രമായി പകരം വെക്കാനില്ലാത്ത പെര്‍ഫോമന്‍സായിരുന്നു മമ്മൂക്ക കാഴ്ചവെച്ചത്. ആ പടത്തിന് ശേഷം മമ്മൂട്ടിയെ വേറൊരു സെറ്റില്‍ വെച്ച് ഞാന്‍ കണ്ടു.

പുള്ളി ആ സമയത്ത് എന്നോട് ഒരു കാര്യം പറഞ്ഞു. ‘നിങ്ങള്‍ നാടോടിക്കാറ്റും വരവേല്പ്പുമൊക്കെ മോഹന്‍ലാലിനെ വെച്ച് ചെയ്ത് ഹിറ്റായി. എന്റെ കൂടെ ചെയ്തപ്പോള്‍ അങ്ങനെ വന്നില്ല. എനിക്ക് വേറെയും ഹിറ്റുകളുണ്ട്. പക്ഷേ, എന്നെ വെച്ച് ഹിറ്റുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ദോഷമാണ് അത് നിങ്ങളുടെ കുറ്റമാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്ക് അത് കേട്ടപ്പോള്‍ വാശിയായി. എനിക്ക് അത് വല്ലാതെ കൊണ്ടു. ആ വാശിപ്പുറത്ത് അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു.

വടക്കുനോക്കിയന്ത്രത്തിന്റെ തിരക്കുള്ളതുകൊണ്ട് ശ്രീനിയെ കിട്ടിയില്ല. പകരം വേണു നാഗവള്ളിയെ വെച്ച് ഒരു കഥയെഴുതി. ജീവിതത്തില്‍ ആദ്യമായാണ് ഒരു നടന് വേണ്ടി സിനിമ ചെയ്യുന്നത്. പ്രേക്ഷകര്‍ മമ്മൂട്ടിയെ കാണാനാഗ്രഹിക്കുന്ന തരത്തില്‍ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു. അതാണ് ബെന്‍ നരേന്ദ്രന്‍. ആ സിനിമയാണ് അര്‍ത്ഥം. ആ സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി. മമ്മൂട്ടിയുടെ മുന്നില്‍ എന്റെ മാനം കാത്തു,’ സത്യന്‍ അന്തിക്കാട് പറഞ്ഞു

Content Highlight: Sathyan Anthikkad about his films with Mammootty