'ആ രംഗം കഴിഞ്ഞപ്പോള്‍ വിറച്ചിട്ട് മമ്മൂട്ടി കരഞ്ഞുപോയി, ജയറാമിനെ കുറെ തെറിയും വിളിച്ചു'
Film News
'ആ രംഗം കഴിഞ്ഞപ്പോള്‍ വിറച്ചിട്ട് മമ്മൂട്ടി കരഞ്ഞുപോയി, ജയറാമിനെ കുറെ തെറിയും വിളിച്ചു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th February 2023, 9:08 am

മമ്മൂട്ടി, ജയറാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് അര്‍ത്ഥം. ചിത്രത്തില്‍ റെയില്‍വേ ട്രാക്കില്‍ വെച്ചുള്ള രംഗം ചിത്രീകരിച്ച അനുഭവം പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. തകര്‍ത്ത് അഭിനയിച്ച ജയറാം ട്രെയ്ന്‍ വരുന്നത് കണ്ടിട്ടും മാറിയില്ലെന്നും ഒടുവില്‍ മമ്മൂട്ടി വഴക്ക് പറഞ്ഞ് മാറ്റുകയായിരുന്നു എന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

”മമ്മൂട്ടി ശരിക്കും വളരെ സെന്‍സിറ്റീവായിട്ടുള്ള ഒരാളാണ്. അയാളുടെ പുറമെയുള്ള ഗൗരവം ഒരു മുഖമൂടിയാണ്. മമ്മൂട്ടിയെ നമുക്ക് എളുപ്പത്തില്‍ കരയിക്കാന്‍ പറ്റും. നമ്മള്‍ വളരെ ആത്മാര്‍ത്ഥമായി ഒരു കാര്യം പറഞ്ഞാല്‍ മമ്മൂട്ടിയുടെ കണ്ണ് നിറയും.

ഒരാള്‍ക്ക് കരയാന്‍ സാധിക്കുക എന്ന് പറയുന്നത് വലിയ ഒരു ഗുണമാണ്. വളരെ പെട്ടെന്ന് വേദന സ്പര്‍ശിക്കുന്ന ഒരാളാണ്. അത് കൊണ്ടാണ് പുറമെ ബോധപൂര്‍വമല്ലെങ്കിലും ഓരോ സ്ഥലത്തും മമ്മൂട്ടിയുടെ ഒരു ടച്ചുണ്ടാവും. ഒരു പുതിയ സംവിധായകന്‍ നല്ല കഴിവുള്ളവനാണ് എന്ന് തോന്നിയാല്‍ മമ്മൂക്ക അയാളെ തിരഞ്ഞെടുക്കും. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്.

അര്‍ത്ഥം സിനിമയില്‍ ഒരു രംഗമുണ്ട്. ട്രെയ്ന്‍ വരുമ്പോള്‍ ജയറാം ചാടാന്‍ പോകുന്ന രംഗമാണ്. ജീവന്‍ കയ്യില്‍ പിടിച്ച് കൊണ്ടുള്ള ഒരു അഭിനയമായിരുന്നു. ട്രെയ്‌നിന്റെ മുമ്പിലേക്ക് ജയറാം ചാടാന്‍ പോകുമ്പോള്‍ മമ്മൂട്ടി രക്ഷപ്പെടുത്തുന്നതാണ് സീന്‍. റെയില്‍വെ ട്രാക്കിലാണ് ഈ കളി. ജയറാമിന് ഇതിനെ പറ്റി വലിയ ബോധമില്ല. ട്രെയ്ന്‍ ദൂരെ കണ്ടാല്‍ ഒരു സെക്കന്റ് കൊണ്ട് ഇവിടെ എത്തും.

ആ സീന്‍ ജയറാം അഭിനയിച്ച് തകര്‍ക്കുകയായിരുന്നു. മമ്മൂട്ടിക്ക് അവനെ പിടിച്ചിട്ട് കിട്ടുന്നില്ല. ആ ട്രെയ്ന്‍ ഇപ്പോള്‍ വന്ന് ഇടിച്ച് പോകുമെന്ന് മമ്മൂട്ടിക്ക് അറിയാം. മാത്രമല്ല, ജയറാമിനെ വിട്ടാല്‍ അവനെ ട്രെയ്ന്‍ തട്ടും. അല്ലെങ്കില്‍ രണ്ട് പേരെയും ട്രെയ്ന്‍ തട്ടും.

ആ സമയം മമ്മൂട്ടിയുടെ കഥാപാത്രമൊക്കെ പോയി. ഡാ ജയറാമേ, മമ്മൂട്ടിയാടാ പറയുന്നത്. മാറി നില്‍ക്കടാ, ട്രെയ്ന്‍ വന്നിടിക്കും എന്നാക്കെയായി മമ്മൂട്ടിയുടെ ഡയലോഗ്. മമ്മൂട്ടി ആകെ പേടിച്ച് പോയി. ട്രെയ്ന്‍ ഓടിക്കുന്നത് ആര്‍ട്ടിസ്റ്റല്ലല്ലോ, ട്രെയ്ന്‍ വന്നിടിച്ചിട്ട് പോകും. അവരോട് പറഞ്ഞിട്ടുമുണ്ട് ഇവിടെ ഷൂട്ടുണ്ട്, ലൈറ്റ് കണ്ടാലും നിര്‍ത്തണ്ട എന്ന്. പെര്‍മിഷന്‍ വാങ്ങിച്ചാണ് ഷൂട്ട് ചെയ്യുന്നത്. മമ്മൂട്ടി പിടിക്കുന്തോറും ജയറാം അങ്ങോട്ട് ചാടുകയാണ്. ജയറാമിനെ വിട്ട് കൊടുക്കാന്‍ മമ്മൂട്ടിക്ക് പറ്റുന്നില്ല. അവസാനം അത് ഡബ്ബ് ചെയ്താണ് മാറ്റിയത്.

അന്ന് ശരിക്കും മമ്മൂട്ടി കരഞ്ഞ് പോയി. ഷോട്ട് കഴിഞ്ഞ് മമ്മൂട്ടി വിറച്ചിട്ട് ഒരു സ്ഥലത്തിരുന്നു. എന്നിട്ട് മമ്മൂക്ക ജയറാമിനെ ഒരുപാട് തെറി വിളിച്ചു. അത് ഭീകരമായ ഒരു സാഹചര്യമായിരുന്നു,” സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: sathyan anthikadu about an incident in ardham movie location