ശ്രീനിവാസനെയും എം.ടി യെയും മനസിൽ ധ്യാനിച്ചുകൊണ്ട് എഴുതിയ സിനിമകൾ; വേറെ നിവർത്തിയില്ലാത്തതുകൊണ്ട് എഴുതി തുടങ്ങി: സത്യൻ അന്തിക്കാട്
സ്വയം സിനിമയ്ക്കായി എഴുതാൻ തുടങ്ങിയത് ഒരു തീരുമാനമായിരുന്നില്ല, മറിച്ച് സാഹചര്യങ്ങൾ മൂലമാണെന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട് . തന്റെ സിനിമകൾക്ക് ഏറ്റവും അനുയോജ്യനായ എഴുത്തുകാരൻ ശ്രീനിവാസനാണെന്നും അതിനുശേഷം ലോഹിതദാസ്, രഘുനാഥ് പാലേരി എന്നിവരായിരുന്നു.

സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ, Photo: IMDb
എന്നാൽ അന്നത്തെ അവരുടെ തിരക്കുകൾ കാരണം കഥകൾ എഴുതാൻ ആരുമുണ്ടായിരുന്നില്ല. ആ സാഹചര്യത്തിൽ ഒറ്റയ്ക്ക് എഴുതി തുടങ്ങിയതാണ് സിനിമാ കഥകൾ എന്ന് അദ്ദേഹം പണ്ട് കൈരളി ചാനലിന് നൽകിയ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘സ്വയം എഴുതാൻ തുടങ്ങിയത് വേറെ ആളെ കിട്ടാഞ്ഞിട്ടാണ്. ശ്രീനിവാസനാണ് എന്റെ സിനിമകൾക്ക് ഏറ്റവും കൂടുതൽ പൊരുത്തമുള്ള റൈറ്റർ, പിന്നെ ലോഹിദാസ്, രഘുനാഥ് പാലേരി. ഇവരെല്ലാവരെയും കോണ്ടാക്റ്റ് ചെയ്തപ്പോൾ എല്ലാവരും ഓരോ തിരക്കുകളായിപ്പോയി. എന്റെ മനസ്സിൽ ഞാനും മോഹൻലാലും പണ്ട് ചെയ്യണം എന്ന് വിചാരിച്ച ഒരു ക്യാരക്ടർ ഉണ്ടായിരുന്നു. ആശാരി പണിക്കാരനായ ആ ക്യാരക്ടറിനെ ഡെവലപ്പ് ചെയ്തുകൊണ്ടാണ് രസതന്ത്രം എന്ന സിനിമയുണ്ടായത്.

സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, Photo: Sathyan Anthikkad/ Facebook
ഞാൻ വിചാരിച്ചു വേറെ ആരും എഴുതാൻ ഇല്ലെങ്കിൽ ഒറ്റയ്ക്ക് തന്നെ ഒന്ന് എഴുതി നോക്കാമെന്ന്. അങ്ങനെ മനസ്സിൽ ശ്രീനിവാസനെയും പത്മരാജനെയും എം ടി യെയും മനസ്സിൽ ധ്യാനിച്ച് കൊണ്ട് എഴുതിയ സിനിമയാണ് രസതന്ത്രം. അതുപോലെ വിനോദയാത്രയും എന്നും എപ്പോഴും തുടങ്ങിയ സിനിമകളെല്ലാം തീരെ നിവർത്തിയില്ലാതായപ്പോൾ എഴുതിയ കഥകൾ ആണ്,’ സത്യൻ അന്തിക്കാട് പറഞ്ഞു.
ഒരു സംവിധായകനോ എഴുത്തുകാരനോ ആയിരുന്നില്ലെങ്കിൽ താൻ ഒരു പത്രപ്രവർത്തകൻ ആയേനെയെന്നും സത്യൻ അന്തിക്കാട് പറയുന്നു. പത്രപ്രവർത്തനത്തോടും എഴുത്തിനോടും എന്നും വലിയ താത്പര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നും തന്റെ മനസ്സിലെ ഏറ്റവും വലിയ റോൾമോഡൽ എം.ടി വാസുദേവൻ നായർ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയും പത്രലോകവും ഒരുപോലെ കൊണ്ടു നടന്ന എം ടിയുടെ ജീവിതം തന്നെയാണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Sathyan Anthikad talks about how he started writing for his film