സിനിമയുടെ തിരക്കഥ ഇന്‍ര്‍വെല്‍ വരെ ഞാന്‍ വായിച്ച് തിരുത്തുകള്‍ പറഞ്ഞു; പിന്നെ അനൂപ് എന്നെ സിനിമയാണ് കാണിച്ചത്: സത്യന്‍ അന്തിക്കാട്
Malayalam Cinema
സിനിമയുടെ തിരക്കഥ ഇന്‍ര്‍വെല്‍ വരെ ഞാന്‍ വായിച്ച് തിരുത്തുകള്‍ പറഞ്ഞു; പിന്നെ അനൂപ് എന്നെ സിനിമയാണ് കാണിച്ചത്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th September 2025, 11:18 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. തന്റെ സിനിമാജീവിതത്തില്‍ ഒട്ടനവധി മികച്ച സിനിമകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കളായ അനൂപ് സത്യനും അഖില്‍ സത്യനും ഇപ്പോള്‍ സിനിമയുടെ ഭാഗമാണ്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചാണ് അനൂപ് സത്യന്‍ സിനിമയിലേക്ക് ചുവടുവെച്ചത്. 2023ല്‍ പുറത്തിറങ്ങിയ പാച്ചുവിന്റെ അത്ഭുതവിളക്കാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മക്കളെ കുറിച്ചും അവരുടെ സിനിമാ കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘മക്കള്‍ മൂന്ന് പേരും നന്നായിട്ട് പുസ്തകം വായിക്കും. സ്‌കൂള്‍ കാലം തൊട്ട് തന്നേ എം.ടിയുടെയും, എസ്.കെ പൊറ്റക്കാടിന്റേയും പുസ്തകങ്ങളൊക്കെ വായിച്ച് തീര്‍ത്തതാണ്. അതിന്റെ ഒരു പിന്‍ബലം ഉള്ളതുകൊണ്ടാണ് ഇവര്‍ക്ക് സ്വന്തമായി സ്‌ക്രിപ്റ്റ് എഴുതാന്‍ കഴിയുന്നത്. അവര്‍ രണ്ട് പേരും സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം ഒന്നും തോന്നിയിരുന്നില്ല.

പക്ഷേ സിനിമ എന്നത് ഒരു അരക്ഷിത മേഖലയാണെന്നാണ് പറയുക. രക്ഷപ്പെടാന്‍ കഴിയുക എന്നത് വലിയൊരു സംഗതിയാണ്. പക്ഷേ അവരങ്ങനെ എടുത്ത് ചാട്ടമൊന്നും ഉള്ള ആളുകളല്ല. രണ്ട് പേരും ട്വിന്‍സാണെങ്കിലും രണ്ട് സ്വഭാവമാണ്. പാച്ചുവിന്റെ അത്ഭുത വിളക്ക് ചെയ്യുമ്പോള്‍ അഖില്‍ മുഴുവന്‍ തിരക്കഥയും എനിക്ക് കൊണ്ട് തന്നിരുന്നു. ഞാന്‍ വായിക്കുകയും ചെയ്തതാണ്. നമ്മളുടെ ഒരു രീതിയൊക്കെയുള്ള സിനിമയാണല്ലോ അത്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ തിരക്കഥ ഇന്‍ര്‍വെല്‍ വരെ ഞാന്‍ വായിച്ചിട്ട് കുറെ തിരുത്തുകള്‍ അനൂപിന്റെ അടുത്ത് പറഞ്ഞിരുന്നു. അതൊക്കെ വരുത്താമെന്ന് പറഞ്ഞ് ബുക്കും വാങ്ങിച്ച് കൊണ്ടുപോയതാണ്, പിന്നെ എന്നെ കാണിച്ചിട്ടേ ഇല്ല. പിന്നെ സിനിമയാണ് കാണിച്ചത്. ഒരു കറക്ഷനും ചെയ്യേണ്ടി വന്നില്ല. കാരണം അവന്റെ കാഴ്ച്ചപ്പാടാണ്. സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikad talks about his children and their film careers