എന്റെ മനസ് വായിക്കുന്നയാള്‍; അദ്ദേഹമില്ലെങ്കില്‍ ഇത്രയും ഹിറ്റുകള്‍ ചെയ്യാനാകില്ല: സത്യന്‍ അന്തിക്കാട്
Malayalam Cinema
എന്റെ മനസ് വായിക്കുന്നയാള്‍; അദ്ദേഹമില്ലെങ്കില്‍ ഇത്രയും ഹിറ്റുകള്‍ ചെയ്യാനാകില്ല: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th August 2025, 1:06 pm

 

മലയാള സിനിമയുടെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. കുറുക്കന്റെകല്യാണം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകള്‍ നല്‍കാന്‍ സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

സത്യന്‍ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാകുന്നതില്‍ ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിന്റെ പങ്കും ഏറെ വലുതാണ്. ഇരുവരും സമ്മാനിച്ച അനവധി ഹിറ്റുകള്‍ മലയാളത്തിലുണ്ട്. നാടോടിക്കാറ്റ്, ടി.പി.ബാലഗോപാലന്‍എം.എ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് അങ്ങനെ പട്ടിക നീളും. ഇപ്പോള്‍ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘ഞാന്‍ പലപ്പോഴും പറയാറുണ്ട് ശ്രീനിവാസന്‍ എന്ന സുഹൃത്തില്ലെങ്കില്‍ അങ്ങനെയൊരു എഴുത്തുകാരനില്ലെങ്കില്‍ എനിക്കിത്രയും ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ സാധിക്കില്ല. അത് ചെയ്ത സിനിമകളുടെ മാത്രം കാര്യമല്ല. സ്‌ക്രിപ്റ്റ് എഴുതുമ്പോഴും, അതില്‍ നിന്ന് പഠിക്കുന്ന  പാഠങ്ങള്‍ ഉണ്ട്. ഞാന്‍ വേറെ സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്യുമ്പോഴും എന്നെ അത് സ്വാധീനിക്കാറുണ്ട്.

ഞങ്ങള്‍ രണ്ട് പേരും സമാന രീതിയില്‍ ചിന്തിക്കുന്നവരാണ്. ഒരു തിരക്കഥയെഴുതാന്‍ വേണ്ടി ഒന്നോ രണ്ടോ മാസം ഒരുമിച്ച് ഇരിക്കാറുണ്ട്. എന്റെ മനസ് വായിക്കാന്‍ ശ്രീനിവാസന് കഴിയും. ഞാന്‍ എന്തെങ്കിലും പറയാന്‍ പോകുമ്പോള്‍ പുള്ളി പറയും നിങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചത് ഇതല്ലേ എന്ന്.

അങ്ങനെയൊരു വേവ് ലെങ്ത് ഭയങ്കരമായിട്ട് ഞങ്ങള്‍ തമ്മില്‍ ഉണ്ട്. ഞങ്ങള്‍ തമ്മില്‍ വളര്‍ന്ന് വന്ന ജീവിത സാഹചര്യങ്ങള്‍ ഏകദേശം ഒരുപോലെയാണ്. ഞാന്‍ എന്തെങ്കിലും ഹ്യൂമര്‍ പറഞ്ഞാല്‍ അത് തിരിച്ചറിയാന്‍ പറ്റുന്നയാളാണ് ശ്രീനിവാസന്‍,’ സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍-മോഹന്‍ലാല്‍ കോമ്പോയില്‍ 28ന് റിലീസാകുന്ന ഹൃദയപൂര്‍വ്വത്തിനായാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഇപ്പോള്‍ കാത്തിരിക്കുന്നത്. പുതുമുഖങ്ങളും യുവാക്കളുമാണ് ഇത്തവണ തന്റെ സിനിമയിലുള്ളതെന്ന് സത്യന്‍ അന്തിക്കാട് മുമ്പ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമേ മാളവികാ മോഹന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും അഭിനയിക്കുന്നു.

Content Highlight: Sathyan Anthikad  talking about Sreenivasan and how important his script